---
title: "പാനൂരിലെ കോവിഡ് മരണം: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം"
english_title: "Covid death in Panur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169841/covid-death-in-panur"
published_at: "2023-12-16T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dd29805e8f_news-card.jpg"
keywords: []
---

# പാനൂരിലെ കോവിഡ് മരണം: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

> **Lead Summary:** പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന് അടിയന്തരയോഗം തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

## Article Content

പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന് അടിയന്തരയോഗം തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

കോവിഡിനെതിരെ ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കണമെന്ന് എം എൽ എ പറഞ്ഞു. കോവിഡ് അടിയന്തിര യോഗത്തിൽ നഗരസഭ കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ പി.കെ.പ്രവീൺ, കെ.കെ.സുധീർ കുമാർ, താലൂക്ക് ആസ്പത്രി മെഡിക്കൽ ഓഫീസർ ഡോ.എ.അനിൽകുമാർ, ഹെൽത്ത് സൂപ്രവൈസർ സി.പി.രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ലതിഷാഭായ്, ഹെൽത്ത് നേഴ്സ് കെ.ശാന്തകുമാരി, നഗരസഭാ ഹെൽത്ത് സൂപ്രവൈസർ ശശി നടുവിലക്കണ്ടി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പനിയുള്ള ആളുകൾ ഐസോലേഷനിൽ തുടരണം, കോവിഡ് പോസിറ്റീവായവർ ക്വാറൻ്റയിനിൽ കഴിയണം. മാസ്ക് – സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സാമൂഹിക അകലം പാലിക്കണം, അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക, ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക,

കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ക്വാറൻ്റയിനിൽ കഴിയുക, എല്ലാ വാർഡുകളിലും പനി സർവേ നടത്തി റിപ്പോർട്ട് ചെയ്യുക, ആഘോഷ പരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം – ഉത്സവം തുടങ്ങിയ പരിപാടികൾ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുൻകൂട്ടി അറിയിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അടിയന്തിര യോഗം കൈക്കൊണ്ടത്. ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ യോഗം നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169841/covid-death-in-panur)