---
title: "പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ ഇന്നുമുതൽ ഒരു മാസത്തേക്ക് അടച്ചിടും"
english_title: "Pappinisseri and Thavam flyovers will be closed for a month from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16943/pappinisseri-and-thavam-flyovers-will-be-closed-for-a-month-from-today"
published_at: "2021-12-20T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0103d366eb_download (15).jpg"
keywords: []
---

# പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ ഇന്നുമുതൽ ഒരു മാസത്തേക്ക് അടച്ചിടും

> **Lead Summary:** **പാപ്പിനിശ്ശേരി:**അറ്റകുറ്റപ്പണികൾക്കായി പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപ്പാലങ്ങൾ തിങ്കളാഴ്ച മുതൽ ഒരുമാസത്തേക്ക് അടച്ചിടും.

## Article Content

**പാപ്പിനിശ്ശേരി:**അറ്റകുറ്റപ്പണികൾക്കായി പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപ്പാലങ്ങൾ തിങ്കളാഴ്ച മുതൽ ഒരുമാസത്തേക്ക് അടച്ചിടും.

കണ്ണൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ പാപ്പിനിശ്ശേരി ചുങ്കം, ലിജിമ, മരച്ചാപ്പ, ഇരിണാവ് റോഡ് വഴി പോകണം.

കണ്ണൂരിലേക്കുള്ള ബസുകൾ ഇരിണാവ് റോഡ് കവല, കല്യാശ്ശേരി സെൻട്രൽ കവല, ലിജിമ, പാപ്പിനിശ്ശേരി ചുങ്കം വഴിയും. മറ്റ് വാഹനങ്ങൾ ദേശീയപാതയിലൂടെയേ അനുവദിക്കൂ.

മേല്‍പ്പാലം അറ്റകുറ്റപ്പണി നീട്ടിവെക്കാന്‍ കഴിയാത്തവിധം അനിവാര്യമായതിനാല്‍ അസൗകര്യങ്ങളുമായി പൊതുജനങ്ങളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ഈ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം പരിശോധിച്ച്, ബലക്ഷയമോ നിര്‍മാണത്തില്‍ ഘടനാപരമായ പോരായ്മയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും സംഘം നിര്‍ദേശിച്ചു.

ഈ പ്രവൃത്തി നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മഴ കാരണം നീണ്ടുപോയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുന്നുവെങ്കിലും നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയും വിധം പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എംഎല്‍എമാര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പ്രവൃത്തി ആരംഭിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം ഒരുക്കിയതായും പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16943/pappinisseri-and-thavam-flyovers-will-be-closed-for-a-month-from-today)