---
title: "കൊട്ടിയൂർ നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ"
english_title: "tiger on the Kottiur Nelliodi road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163305/tiger-on-the-kottiur-nelliodi-road"
published_at: "2023-11-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558bd08db4df_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂർ നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. നിരവധി ആളുകൾ കടന്നുപോകുന്ന കണ്ടപ്പനം-നെല്ലിയോടി റോഡിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ ചെറുപ്ലാവിൽ ഷാജിയാണ് നെല്ലിയോടി പള്ളിക്ക് സമീപമുള്ള റോഡിലെ ഇറക്കത്തിൽ കടുവയെ നേരിട്ട് കണ്ടത്.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പനം നെല്ലിയോടി റോഡിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. നിരവധി ആളുകൾ കടന്നുപോകുന്ന കണ്ടപ്പനം-നെല്ലിയോടി റോഡിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ ചെറുപ്ലാവിൽ ഷാജിയാണ് നെല്ലിയോടി പള്ളിക്ക് സമീപമുള്ള റോഡിലെ ഇറക്കത്തിൽ കടുവയെ നേരിട്ട് കണ്ടത്.

സമീപത്തെ തോട്ടത്തിൽ റബ്ബർ ടാപ്പിംഗ് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകും വഴിയാണ് റോഡിലെ ഇറക്കത്തിലുള്ള തോടിനു സമീപം കടുവയെ കണ്ടത്. വാഹനം പെട്ടെന്ന് നിർത്തി ഒച്ചവെച്ചപ്പോൾ റോഡിന് നടുവിൽ നിന്നിരുന്ന കടുവ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു എന്നും ആ സമയം കൊണ്ട് വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും ഷാജി പറഞ്ഞു.

ഇതേദിവസം തന്നെ നെല്ലിയൊടി പള്ളിക്ക് സമീപം താമസിക്കുന്ന പാനികുളങ്ങര സജിയുടെ വളർത്തുനായയും കാണാതായി. വീടിനു പുറത്ത് ഇരുമ്പ് കൂട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ കൂട് തകർത്താണ് കടുവ കൊണ്ടുപോയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പട്ടിയുടെ അവശിഷ്ടം മാത്രമാണ് കണ്ടെത്തിയത്.

കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമല, പാൽചുരം, വെങ്ങലോടി, പൊട്ടംതോട്, തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനുമുമ്പും വളർത്തുനായ കാണാതായിട്ടുണ്ട്. നടുറോഡിൽ കടുവയെ കണ്ട സാഹചര്യത്തിൽ ഈ മേഖലയിലെ കർഷകർ വലിയ ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163305/tiger-on-the-kottiur-nelliodi-road)