---
title: "വീഡിയോ കോളിലൂടെ കബളിപ്പിച്ച് 40000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "The accused in the case of cheating and extorting Rs 40000 through video call was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160892/the-accused-in-the-case-of-cheating-and-extorting-rs-40000-through-video-call-was-arrested"
published_at: "2023-11-09T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ced1d480dc_news-card.jpg"
keywords: []
---

# വീഡിയോ കോളിലൂടെ കബളിപ്പിച്ച് 40000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിത്.

## Article Content

ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിലെ മെഹസേനയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിത്.

കോഴിക്കോട് സൈബര്‍ ക്രൈം പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിനായി വ്യാജബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈല്‍ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ഇയാള്‍ ഗുജറത്തിലും കര്‍ണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേയ്ക്കും തുടര്‍ന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്കും എത്തിയെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഗുജറാത്തിലെ അക്കൗണ്ടിന്‍റെ ഉടമയാണ് പ്രതികളില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളില്‍ കേരള പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ശബ്ദവും വീഡിയോയും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി വീഡിയോകോള്‍ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി.

സൈബര്‍ പോലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനകം തന്നെ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു. പരാതിക്കാരന്‍റെ കൂടെ നേരത്തെ ജോലി ചെയ്തിരുന്നയാള്‍ എന്ന വ്യാജേന വാട്സാപ്പ് വോയിസ് കോളില്‍ വിളിച്ചാണ് തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്‍റെ ഓപ്പറേഷനുവേണ്ടി 40,000 രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോകോളില്‍ സംസാരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകോള്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് കോറോത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍.എം, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബീരജ് കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാന്‍ പോലീസിനെ ഏറെ സഹായിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160892/the-accused-in-the-case-of-cheating-and-extorting-rs-40000-through-video-call-was-arrested)