---
title: "ഒമ്പതുമാസം മുമ്പ് വിവാഹം; ഭര്‍തൃമതി കിണറ്റില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത"
english_title: "Married nine months ago; Mystery in the incident where the husband died in the well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16053/married-nine-months-ago-mystery-in-the-incident-where-the-husband-died-in-the-well"
published_at: "2021-12-14T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b88c2dced51_download.jpg"
keywords: []
---

# ഒമ്പതുമാസം മുമ്പ് വിവാഹം; ഭര്‍തൃമതി കിണറ്റില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

> **Lead Summary:** **പയ്യന്നൂര്‍:** വിദേശത്ത് ജോലി ചെയ്യുന്ന യുവാവുമായി ഒന്‍പതുമാസം മുമ്പ് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

## Article Content

**പയ്യന്നൂര്‍:** വിദേശത്ത് ജോലി ചെയ്യുന്ന യുവാവുമായി ഒന്‍പതുമാസം മുമ്പ് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ഭര്‍തൃഗൃഹത്തിലായരുന്ന യുവതി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലിസ് മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

പയ്യന്നൂര്‍ മമ്പലം സുരഭി നഗര്‍ ചങ്ങല ഗെയ്റ്റിന് സമീപം താമസിക്കുന്ന എ.വിപിന(23)യുടെ മൃതദേഹമാണ് സ്വന്തം വീട്ടുകിണറ്റില്‍ ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാര്‍ കണ്ടെത്തിയത്.

രാമന്തളി കുന്നരുവിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഇന്നലെ ഉച്ചയോടയാണ് വിപിന സുരഭി നഗറിലെ സ്വന്തം വീട്ടിലെത്തിയത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയ അമ്മ രോഹിണി മകള്‍ എത്തിയ വിവരം അറിഞ്ഞ് അന്വേഷിച്ചപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് വീട്ടുകിണറ്റില്‍ വിപിനയുടെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ രക്ഷാസേനയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അടുത്ത ബന്ധു പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ വനിത എസ്.ഐ.സി.സി കേസ് അന്വേഷിക്കുന്നത്.

ബാങ്ക് കോച്ചിങ് ക്ലാസിന് പോയിയിരുന്ന വിപിനയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. യുവതിയുടെ ബന്ധുക്കളുടെയും ഭര്‍തൃവീട്ടുകാരുടെയും മൊഴിയെടുക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഒന്‍പതുമാസം മുമ്പായിരുന്നു സുരഭി നഗറിലെ എ.വിജയന്‍-രോഹിണി ദമ്പതികളുടെ മകള്‍ വിപിനയും വിദേശത്ത് ജോലി ചെയ്യുന്ന രാമന്തളി കുന്നരു സ്വദേശിയായ സരിനുമായുള്ള വിവാഹം നടന്നത്. സഹോദരങ്ങള്‍: വിജിന, രജിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16053/married-nine-months-ago-mystery-in-the-incident-where-the-husband-died-in-the-well)