---
title: "തളിപ്പറമ്പിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ടെഡ് - സി"
english_title: "Ted - C. for the economic growth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160346/ted-c-for-the-economic-growth"
published_at: "2023-11-07T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ടെഡ് - സി

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിൽ സുസ്ഥിര സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ടെഡ് സി (തളിപ്പറമ്പ് സാമ്പത്തിക വികസന കൗൺസിൽ) രണ്ടാം ഘട്ടത്തിലേക്ക്. കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന തൊഴിൽ സംരംഭകത്വ വികസന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിൽ സുസ്ഥിര സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ടെഡ് സി (തളിപ്പറമ്പ് സാമ്പത്തിക വികസന കൗൺസിൽ) രണ്ടാം ഘട്ടത്തിലേക്ക്. കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന തൊഴിൽ സംരംഭകത്വ വികസന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.

അഭ്യസ്ഥവിദ്യർക്ക് 100% തൊഴിലും സംരംഭകരാവാൻ താല്പര്യമുള്ളവർക്ക് കൃത്യമായ അവസരങ്ങളും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി ആദ്യഘട്ട മീറ്റിങ്ങുകൾ നടന്നു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആർപിമാരെയും ഉൾപ്പെടുത്തി പഞ്ചായത്ത്/നഗരസഭ തല ശില്പശാലകളാണ് നടത്തിയത്.

രണ്ടാം ഘട്ടമെന്ന നിലയിൽ ക്ലസ്റ്റർ തലത്തിൽ മീറ്റിങ്ങുകൾ നടന്നു വരികയാണ്. പദ്ധതിയുടെ ഭാഗമാകുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്റെ ഡി ഡബ്ലിയു എം എസിൽ (DWMS Connect) രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഉദ്യോഗാർഥികളെയും ഉൾപ്പെടുത്തിയാണ് ക്ലസ്റ്റർ തല മീറ്റിംഗുകൾ നടക്കുന്നത്. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുമുണ്ട്. പതിനായിരതിലേറെ ഉദ്യോഗാർഥികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രണ്ടോ മൂന്നോ വാർഡുകളാണ് ഒരു ക്ലസ്റ്ററായി കണക്കാക്കുന്നത്. ഈ മാസം 15 ഓടെ ക്ലസ്റ്റർ തല മീറ്റിംഗുകൾ പൂർത്തിയാക്കും. അടുത്ത വർഷം തുടക്കത്തിൽ തന്നെ വിപുലമായ തൊഴിൽ സംരംഭകത്വ മേളകൾക്കും തുടക്കമാകും. പദ്ധതി വിശദീകരണവും തുടർ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പരിശീലനവുമാണ് നൽകുന്നത്. കരിയർ കൗൺസിലിംഗ് നടത്തുന്നതിന് ഉദ്യോഗാർഥികളെ സജ്ജരാക്കും.

സർക്കാർ സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ച് മണ്ഡലത്തിലെ വിവിധ മേഖലയിൽ തൊഴിൽ നൈപുണ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കുള്ള പ്രത്യേക പരിശീലനവും നൽകും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്ക് വേണ്ട സാങ്കേതിക സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. വിദ്യാഭ്യാസം, തൊഴിൽ മേഖലകളെ അടിസ്ഥാനമാക്കി വരും വർഷങ്ങളിലേക്കുള്ള കൃത്യമായ രൂപരേഖയും തയ്യാറാക്കിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160346/ted-c-for-the-economic-growth)