---
title: "പോളിടെക്‌നിക് വിദ്യാർത്ഥികളെ മർദ്ദിച്ച മൂന്ന് പേർ പരിയാരം പോലീസിന്റെ പിടിയിൽ"
english_title: "Pariyaram police arrested three people for beating up polytechnic students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157621/pariyaram-police-arrested-three-people-for-beating-up-polytechnic-students"
published_at: "2023-10-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd77bf2a1e_news-card.jpg"
keywords: []
---

# പോളിടെക്‌നിക് വിദ്യാർത്ഥികളെ മർദ്ദിച്ച മൂന്ന് പേർ പരിയാരം പോലീസിന്റെ പിടിയിൽ

> **Lead Summary:** **പരിയാരം: **ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വിദ്യാർത്ഥികളെ മർദിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മുന്ന് താല്‍ക്കാലിക ഡ്രൈവര്‍മാർ പോലീസ് പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

## Article Content

**പരിയാരം: **ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വിദ്യാർത്ഥികളെ മർദിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മുന്ന് താല്‍ക്കാലിക ഡ്രൈവര്‍മാർ പോലീസ് പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

വിളയാങ്കോട് സ്വദേശികളായ ഫെബിന്‍, റോബിന്‍, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. അഭിനവ്(19), യദു(19), വിനായക്(19) എന്നീ വിദ്യാര്‍ത്ഥികളെയാണ് പരിക്കുകളോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കോളേജിന് സമീപത്താണ് ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്.

ഉച്ചയോടെ നിര്‍മ്മാണകമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ കയ്യേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഇതിന്റെ പ്രതികാരമായി കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ പട്ടികകഷണങ്ങളും പണിയായുധങ്ങളും കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി.

പരിയാരം പോലീസ് സ്ഥലതെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വിദ്യാർത്ഥികളെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157621/pariyaram-police-arrested-three-people-for-beating-up-polytechnic-students)