---
title: " മാടായി പഞ്ചായത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി"
english_title: "Dissatisfied with Muslim League "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157351/dissatisfied-with-muslim-league"
published_at: "2023-10-27T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b7f765f2ac_Untitled-2-web.jpg"
keywords: []
---

#  മാടായി പഞ്ചായത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി

> **Lead Summary:** **കണ്ണൂര്‍:** മാടായി പഞ്ചായത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി. പഞ്ചായത്തിന് ജാഗ്രത കുറവ് സംഭവിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂര്‍:** മാടായി പഞ്ചായത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതില്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി. പഞ്ചായത്തിന് ജാഗ്രത കുറവ് സംഭവിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

വര്‍ഗീയ പ്രസ്ഥാനത്തോട് ഒരിക്കലും മുസ്ലീം ലീഗ് സന്ധി ചെയ്യില്ല. നിജസ്ഥിതി പാര്‍ട്ടി പരിശോധിക്കുമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആര്‍എസ്എസ് പഥസഞ്ചലത്തിന് അനുമതി നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

അതേസമയം പഞ്ചായത്ത് സെക്രട്ടറിയാണ് അനുമതി നല്‍കിയതെന്നും ആര്‍എസ്എസ് നിരോധിത സംഘടനയല്ലാത്തതിനാല്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രഡിഡന്റിന്റെ പ്രതികരണം. എന്നാല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു.

ആര്‍എസ്എസ് ആയുധ പ്രകടനത്തിനാണ് ലീഗ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നല്‍കിയത്. ന്യായമായ കാര്യമാണോയെന്ന് മുസ്ലീം ലീഗ് നേതൃത്വം തന്നെ മറുപടി പറയട്ടെയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു. നടപടി മുസ്ലിങ്ങളെ കൊലയറയിലേക്ക് എത്തിക്കുന്നതിന് തുല്യമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

'ബിജെപി-യുഡിഎഫ് അന്തര്‍ധാരണയാണ് മാടായി പഞ്ചായത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് വിട്ടുകൊടുക്കുന്നതിന് ഇടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ആര്‍എസ്എസിന് അനുമതി കൊടുത്ത് വിദേശത്തേക്ക് പോവുകയായിരുന്നു. നിയമാനുസൃതമെന്നാണ് പ്രതികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ന്യായം ശരിയാണെന്ന് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം പറയട്ടെ.' എന്നായിരുന്നു പ്രതികരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157351/dissatisfied-with-muslim-league)