---
title: "പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു, ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു"
english_title: "Organized Palestine Solidarity Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156538/organized-palestine-solidarity-meeting"
published_at: "2023-10-24T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537b003c78ed_news-card.jpg"
keywords: []
---

# പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു, ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **ഫലസ്തീൻ്റെ സ്വാതന്ത്ര്യവും സ്വയംനിർണ്ണയാവകാശവും ലോകനീതിയുടെ അനിവാര്യതാൽപര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അത് ഉറപ്പുവരുത്താൻ മുന്നിട്ടിറങ്ങുകയാണ് ലോകരാഷ്ട്രങ്ങളും ലോക രാഷ്ട്രസംഘടനയും ചെയ്യേണ്ടത്.

## Article Content

**കണ്ണൂർ: **ഫലസ്തീൻ്റെ സ്വാതന്ത്ര്യവും സ്വയംനിർണ്ണയാവകാശവും ലോകനീതിയുടെ അനിവാര്യതാൽപര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അത് ഉറപ്പുവരുത്താൻ മുന്നിട്ടിറങ്ങുകയാണ് ലോകരാഷ്ട്രങ്ങളും ലോക രാഷ്ട്രസംഘടനയും ചെയ്യേണ്ടത്.

ഫലസ്തീനികൾക്കുമേൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അടിയന്തിരമായി അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന ലോകമനസ്സാക്ഷിയുടെയും രാജ്യാന്തര സമൂഹത്തിൻ്റെയും ആവശ്യം പാലിക്കപ്പെടണം. ഇസ്രയേൽ ഇപ്പോൾ ചെയ്യുന്ന കൊടുംക്രൂരതകൾ മാത്രമല്ല ആ രാജ്യത്തിൻ്റെ നിലനിൽപ്പ് തന്നെ ഫലസ്തീനികളുടെ അവകാശം നിഷേധിച്ചുകൊണ്ടാണ് സംഭവിച്ചിട്ടുള്ളത്.

ഇസ്രയേലിന്റെ നേതാക്കൾ തന്നെ അവർ നടത്തിയ അധിനിവേശവും കോളനിവാഴ്ചയും തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ഫലസ്തീനികളുടെ പൂർവപിതാക്കൾ ആടുമേയ്ക്കുകയും കൃഷിചെയ്യുകയും ചെയ്ത മണ്ണിലാണ് നാം നമ്മുടെ വീടുകൾ കെട്ടിപ്പൊക്കുന്നതെന്നും ഫലസ്തീൻകാരുടെ നിലപാടിനെ എങ്ങിനെയാണ് അപലപിക്കുകയെന്നും ഇസ്രയേലി നേതാവ് 1948ൽ തന്നെ ചോദിച്ചിട്ടുള്ളതാണ്.

ഇസ്രയേലിലെ മുൻസൈനികർ രൂപം നൽകിയിട്ടുള്ള സമാധാനത്തിനു വേണ്ടിയുള്ള സംഘടിത സംരംഭം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് അവർ തന്നെ വെളിവാക്കിയിട്ടുള്ളത്. സ്വന്തം മണ്ണിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭമാണ് ഫലസ്തീൻകാർ നടത്തിയിട്ടുള്ളത്. തുടക്കം മുതൽ തന്നെ അതിനെ അംഗീകരിക്കുകയും പിന്തുണക്കുകയുമാണ് മഹാത്മാഗാന്ധി ചെയ്തത്.

ഇക്കാര്യത്തിലും ഗാന്ധി മാർഗ്ഗത്തിൽ ഉറച്ചുനിന്ന് യുദ്ധവിരാമത്തിനും സമാധാനസ്ഥാപനത്തിനും വേണ്ടി ഇന്ത്യ ഇടപെടണം. സാമ്രാജ്യത്വത്തിനും കോളണിവാഴ്ച്ചക്കും ഫലസ്തീൻ ഇരയാക്കപ്പെടുകയാണുണ്ടായത്. സാമ്രാജ്യത്വശക്തികൾ ചരടുവലിച്ചതു കൊണ്ടാണ് മിക്ക സ്വാതന്ത്ര്യപ്രക്ഷോഭങ്ങളും വിജയംകണ്ട ഇരുപതാം നൂറ്റാണ്ടിൽ ഫലസ്തീൻകാരുടെ ന്യായമായ ആവശ്യം മാത്രം നിഷേധിക്കപ്പെട്ടത്. വൻശക്തികൾ ഇന്നും തുടരുന്ന അധിനിവേശത്തിനും അക്രമത്തിനും അനുകൂലമായ നിലപാട് അവരുടെ മനുഷ്യത്വരാഹിത്യത്തെ ലോകസമൂഹത്തിനുമുമ്പിൽ തുറന്നുകാട്ടുകയാണ് ചെയ്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സ്റ്റേഡിയം കോർണറിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷതവഹിച്ചു .ജനറൽസെക്രട്ടറികെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. കെപിസിസിസെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ്സംസ്ഥാന വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻകല്ലായി. ജില്ലാ ഭാരവാഹികളായ മഹമൂദ്കടവത്തൂർ, അൻസാരിതില്ലങ്കേരി,അഡ്വക്കേറ്റ് കെഎ ലത്തീഫ്, വി.പി .വമ്പൻ ,കെ.പി .താഹിർ ,കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ. തങ്ങൾ, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എംപി മുഹമ്മദലി, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156538/organized-palestine-solidarity-meeting)