---
title: "പ്ലാന്റിൽ ക്ലോറിൻ ചോർച്ച, രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമനസേനാംഗങ്ങൾ അബോധാവസ്ഥയിലായി"
english_title: "Clorine leackage in plant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15642/clorine-leackage-in-plant"
published_at: "2021-12-11T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4c8dbdae78_IMG-20211211-WA0045.jpg"
keywords: []
---

# പ്ലാന്റിൽ ക്ലോറിൻ ചോർച്ച, രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമനസേനാംഗങ്ങൾ അബോധാവസ്ഥയിലായി

> **Lead Summary:** തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ അബോധാവസ്ഥയിലായി.

## Article Content

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ അബോധാവസ്ഥയിലായി.

സുനില്‍കുമാര്‍, പി.എ അനൂപ് എന്നീ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരാണ് ആശുപത്രിയിലായത്.

ഇന്ന് രാവിലെ 11.30 നായിരുന്നു സംഭവം. ഇതുവരെ കമ്മീഷന്‍ ചെയ്യാത്ത വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതക പൈപ്പ്‌ലൈന്‍ ചോരുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ചോര്‍ച്ചയടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുസേനാംഗങ്ങള്‍ക്ക് ബോധക്ഷയം അനുഭവപ്പെട്ടത്. 

ആദ്യം അമോണിയയാണെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഗ്നിശമനസേനയോട് പറഞ്ഞത്.

പിന്നീട് ലീക്ക് അടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ചോരുന്നത് ക്ലോറിനാണെന്ന് വ്യക്തമായത്. ഇവരെ ഉടന്‍ തന്നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ജനവാസ യോഗ്യതയുള്ള സ്ഥലമായതിനാൽ തന്നെ അഗ്നിരക്ഷാസേനയുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ടാണ് വലിയ ഒരു അപകടം ഒഴിവായത്.  

അഭിനേഷ്, സുധീഷ് എന്നീ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരാണ് സുരക്ഷാ കിറ്റുകളണിഞ്ഞ് ഗ്യാസ് ചോരുന്നത് തടഞ്ഞ് ലീക്ക് അടച്ച് വന്‍ ദുരന്തം ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15642/clorine-leackage-in-plant)