---
title: "ന്യൂനമര്‍ദ്ദം തീവ്രമാകും; ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Yellow alert in eight districts today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/156096/yellow-alert-in-eight-districts-today"
published_at: "2023-10-22T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653523f7732bb_rain.jfif"
keywords: []
---

# ന്യൂനമര്‍ദ്ദം തീവ്രമാകും; ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് തീവ്രമായി.

വരും മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.ഒക്ടോബര്‍ 22ന് രാവിലെ വരെ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും തുടര്‍ന്ന് ഒക്ടോബര്‍ 24ന് രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബര്‍ 25 രാവിലെയോടെ യെമന്‍ -ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍ ) സലാലാക്കിനും ഇടയില്‍ അതി തീവ്ര ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം, ഞായറാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ന്നുള്ള 3 ദിവസം വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെയും കോമാറിന്‍ മേഖലയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/156096/yellow-alert-in-eight-districts-today)