---
title: "സര്‍ക്കാറിനെതിരെ പോരുമുറുക്കി ഗവര്‍ണര്‍; മുഖ്യമന്ത്രി ഗവര്‍ണര്‍ പദവി ഏറ്റെടുത്താല്‍ ഒഴിയാമെന്നും ആരിഫ്ഖാന്‍"
english_title: "governor-blasts-government-mohammad-arif-khan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15550/governor-blasts-government-mohammad-arif-khan"
published_at: "2021-12-11T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b44e4b2017f_arif_muhammed_khan.jpg"
keywords: []
---

# സര്‍ക്കാറിനെതിരെ പോരുമുറുക്കി ഗവര്‍ണര്‍; മുഖ്യമന്ത്രി ഗവര്‍ണര്‍ പദവി ഏറ്റെടുത്താല്‍ ഒഴിയാമെന്നും ആരിഫ്ഖാന്‍

> **Lead Summary:** ന്യുഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം ശക്തമാണെന്നും ഇനിയത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

## Article Content

ന്യുഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം ശക്തമാണെന്നും ഇനിയത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വി.സി നിയമനങ്ങളില്‍ തന്റെ കൈകെട്ടിയിടാനാണ് ശ്രമിക്കുന്നത്. കുറേ ക്ഷമിച്ചു.

മുന്നറിയിപ്പുകള്‍ നല്‍കി. ഇനിയും ക്ഷമിക്കാനാകില്ല. ബന്ധു നിയമനമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. ഇഷ്ടക്കാരെ തിരുകികയറ്റുകയാണ്. ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ല. അതു മുഖ്യമന്ത്രി ഏറ്റെടുക്കട്ടെ. അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ എത്രയും വേഗം അതില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി. താനിനി ഗവര്‍ണര്‍ പദവിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അസാധാരണമാണ്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടികൂടിയാവുകയാണ്.

വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ഗവര്‍ണര്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് വലിയ വിനയാവും.എന്നാല്‍ ഗവര്‍ണറുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇതുവരേ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രി പറഞ്ഞത്.

ചാന്‍സലര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച ഗവര്‍ണ്ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് അനുനയ ചര്‍ച്ച നടത്തിയേക്കും. സര്‍വകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നില്‍ക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാന്‍സലര്‍ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവര്‍ണ്ണറുടെ കത്ത് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കുന്നതാണ്. ധാനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചര്‍ച്ച നടത്തിയിട്ടും അനുനയത്തിന് ഗവര്‍ണ്ണര്‍ തയ്യാറായിട്ടില്ല.

കേരളത്തിലെ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചു ഗവര്‍ണറാണ് ചാന്‍സലര്‍. ഗവര്‍ണ്ണര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും. ഗവര്‍ണറുടെ കത്ത് സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15550/governor-blasts-government-mohammad-arif-khan)