---
title: "പയ്യന്നൂരിൽ ബസ് ജീവനക്കാരെ ആക്രമിച്ച കേസ്: ഡ്രൈവറുടെ പരാതിയിൽ 14 വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "Payyannur bus crew assault case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155154/payyannur-bus-crew-assault-case"
published_at: "2023-10-19T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65310bfa065b4_images.jfif"
keywords: []
---

# പയ്യന്നൂരിൽ ബസ് ജീവനക്കാരെ ആക്രമിച്ച കേസ്: ഡ്രൈവറുടെ പരാതിയിൽ 14 വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. രണ്ടു ബസ് ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമുള്‍പ്പെടെ മൂന്ന്പേര്‍ക്ക് പരിക്ക്. അക്രമത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ധര്‍മ്മശാലയിലെ കെ.എം.സൗരവിന്റെ പരാതിയില്‍ 14 പേർക്കെതിരെ കേസെടുത്തു.

## Article Content

**പയ്യന്നൂര്‍: **വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. രണ്ടു ബസ് ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമുള്‍പ്പെടെ മൂന്ന്പേര്‍ക്ക് പരിക്ക്. അക്രമത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ധര്‍മ്മശാലയിലെ കെ.എം.സൗരവിന്റെ പരാതിയില്‍ 14 പേർക്കെതിരെ കേസെടുത്തു.

വിദ്യാർത്ഥികളായ ആദര്‍ശ്, നിഖില്‍, അഭിഷേക്, ഹരി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരേയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. പയ്യന്നൂര്‍ – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നതിനെ ചൊല്ലിയായിരുന്നു സംഭവങ്ങൾക്ക് തുടക്കം.

ഇതേ ചൊല്ലി ഇരുവിഭാഗവും തമ്മിലു ണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ പരാതിക്കാരനേയും കണ്ടക്ടര്‍ ആദര്‍ശിനേയും തടഞ്ഞുനിര്‍ത്തി അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന അഫ്രീദിനെ ദേഹോപദ്രവമേല്‍പ്പിച്ചതായും പോലീസിൽ നൽകിയപരാതിയില്‍ പറയുന്നു.

യാത്രക്കാരിയായ വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന തെറ്റിധാരണയാണ് കാരണമായി പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ള പരാതിക്കാരനില്‍നിന്നും മൊഴിയെടുത്തശേഷമാണ് പയ്യന്നൂര്‍ പോലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാത്തില്‍ വടവന്തൂരിലെ ഹരികൃഷ്ണൻ(24)പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് .ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്ന് പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മിന്നൽ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു.

പല ബസുകളും പിലാത്തറയിൽ നിന്ന് സർവ്വീസ് നടത്തി. ഒന്നര മണിക്കൂറോളം സര്‍വ്വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും വലഞ്ഞു. ഒടുവില്‍ പോലീസും യൂണിയന്‍ നേതാക്കളും ഇടപെടുകയും വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാമെന്ന പോലീസ് ഉറപ്പിനെ തുടര്‍ന്നാണ് മിന്നൽ പണിമുടക്ക് ഒത്തുതീർന്നത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155154/payyannur-bus-crew-assault-case)