---
title: "നാല് ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം, കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് യുവതി"
english_title: "Four-day-old baby dies after baby drowns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15462/four-day-old-baby-dies-after-baby-drowns"
published_at: "2021-12-10T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3550134b0e_,.jpg"
keywords: []
---

# നാല് ദിവസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം, കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് യുവതി

> **Lead Summary:** **കോട്ടയം: **കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അമ്മ പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തി.

## Article Content

**കോട്ടയം: **കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അമ്മ പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തി.

അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷയ്ക്കും ജനിച്ച കുഞ്ഞിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ കന്നാസിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞതാണെന്നായിരുന്നു നിഷ നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്.

നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരുന്നു. അയല്‍വാസിയായ സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ ആശാവര്‍ക്കറെ വിവരമറിയിച്ചു.

ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക്, മരിച്ച കുഞ്ഞിനെക്കൂടാതെ 5 മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15462/four-day-old-baby-dies-after-baby-drowns)