---
title: "കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം തുടങ്ങാൻ മാങ്ങാടുപറമ്പിൽ ഭൂമിയായി"
english_title: "Kannur Rural Police Headquarters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154597/kannur-rural-police-headquarters"
published_at: "2023-10-17T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eb2e6dfa4a_news-card.jpg"
keywords: []
---

# കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം തുടങ്ങാൻ മാങ്ങാടുപറമ്പിൽ ഭൂമിയായി

> **Lead Summary:** **കണ്ണൂര്‍: **റൂറല്‍ പോലീസ് ആസ്ഥാനം തുടങ്ങാൻ മാങ്ങാടുപറമ്പിൽ ഭൂമിയായി. ആന്തൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ മോറാഴ വില്ലേജിലെ കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയാണ് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എല്‍.എ യുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കണ്ണൂര്‍ റൂറൽ ജില്ലക്കായി കൈമാറിയത്.

## Article Content

**കണ്ണൂര്‍: **റൂറല്‍ പോലീസ് ആസ്ഥാനം തുടങ്ങാൻ മാങ്ങാടുപറമ്പിൽ ഭൂമിയായി. ആന്തൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ മോറാഴ വില്ലേജിലെ കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയാണ് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എല്‍.എ യുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കണ്ണൂര്‍ റൂറൽ ജില്ലക്കായി കൈമാറിയത്.

കണ്ണൂരിനെ സിറ്റിയും റൂറലുമായി 2018ല്‍ വിഭജിച്ച് ഉത്തരവാകുകയും 2021ല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തെങ്കിലും സ്വന്തമായ ആസ്ഥാന മന്ദിരവും അനുബന്ധ സംവിധാനങ്ങളും തയ്യാറായിരുന്നില്ല. താല്‍ക്കാലികമായി കെ.എ.പി നാലാം ബറ്റാലിയന്‍ കോമ്പൌണ്ടിലുള്ള കെട്ടിടത്തിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം പ്രവര്‍ത്തിച്ച് വരുന്നത്.

സ്വന്തമായി സ്ഥലമനുവദിച്ച് കിട്ടിയതോടെ വിപുലമായ ആസ്ഥാന മന്ദിരത്തിന്റെയും ആധുനികമായ അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. അനുവദിക്കപ്പെട്ട സ്ഥലത്ത് എല്ലാ പോലീസ് വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ജില്ലാ ആസ്ഥാന മന്ദിരം, വനിതാസെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ഡി.പി.സി ക്യമ്പ് ഓഫീസ്, വിപുലമായ പാര്‍ക്കിങ് സ്ഥലം, പരേഡ് ഗ്രൌണ്ട്, കാന്റീന്‍, ക്വോട്ടേഴ്സുകള്‍ എന്നിവയാണ് സ്ഥാപിക്കുക. 

പൂര്‍ണ്ണ രൂപത്തില്‍ സജ്ജീകരിക്കപ്പെടുന്നതോടെ, സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്തിന് കഴിയും. ജില്ലയുടെ വികസന മുന്നേറ്റത്തിനും ക്രമസമാധാന പാലനത്തിനും നാഴിക കല്ലായി മാറുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഉത്തരവിലൂടെ സാധ്യമായിട്ടുള്ളത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154597/kannur-rural-police-headquarters)