---
title: "മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ"
english_title: "Does the League have the right to overthrow Muslims ?; Pinarayi Vijayan sharply criticizes the League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15425/does-the-league-have-the-right-to-overthrow-muslims-pinarayi-vijayan-sharply-criticizes-the-league"
published_at: "2021-12-10T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3186bea82d_news card.jpg"
keywords: []
---

# മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

> **Lead Summary:** **കണ്ണൂര്‍: **വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണം.

## Article Content

**കണ്ണൂര്‍: **വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണം.

വഖഫ് നിയമന പ്രശ്‌നം ലീഗ് മതപ്രശ്‌നമാക്കാനാണ് ശ്രമിക്കുന്നത്. ലീഗ് ഏതെങ്കിലും വിഭാഗത്തിന്റെ അട്ടിപ്പേര്‍ അവകാശം ഏറ്റെടുക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് നിയമനം പിഎസ് സിക്ക് വിടണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല. വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്.

ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്‌നം. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തത്.

ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിച്ചു.

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുസ്ലിം മതസംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മതസംഘടനകള്‍ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15425/does-the-league-have-the-right-to-overthrow-muslims-pinarayi-vijayan-sharply-criticizes-the-league)