---
title: "കുന്നത്തൂർപാടി മഹോത്സവം: പാടിയിൽ പണി തുടങ്ങി, ഉത്സവം ഡിസംബർ 24-ന് തുടങ്ങും"
english_title: "Kunnathoorpadi Mahotsavam: Work has started on Padi and the festival will start on December 24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15421/kunnathoorpadi-mahotsavam-work-has-started-on-padi-and-the-festival-will-start-on-december-24"
published_at: "2021-12-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b31595c3256_download (12).jpg"
keywords: []
---

# കുന്നത്തൂർപാടി മഹോത്സവം: പാടിയിൽ പണി തുടങ്ങി, ഉത്സവം ഡിസംബർ 24-ന് തുടങ്ങും

> **Lead Summary:** **ശ്രീകണ്ഠപുരം: **കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള പാടിയിൽ പണി വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം ഒരു ദിവസത്തെ ചടങ്ങ് മാത്രമായാണ് നടത്തിയത്.

## Article Content

**ശ്രീകണ്ഠപുരം: **കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള പാടിയിൽ പണി വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം ഒരു ദിവസത്തെ ചടങ്ങ് മാത്രമായാണ് നടത്തിയത്.

എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 24 ദിവസം മാത്രമേ നടത്തുന്നുള്ളുവെന്ന് പരമ്പര്യ ട്രസ്റ്റി എസ്. കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

ഉത്സവത്തിനുശേഷം ആര്‍ക്കും പ്രവേശനമില്ലാതിരുന്ന കുന്നത്തൂര്‍ വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയില്‍ പണി. സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് ഓലയും ഈറ്റയും കൊണ്ട് താത്കാലിക മടപ്പുര നിര്‍മിക്കും.

കരക്കാട്ടിടം വാണവരുടെ കങ്കാണിയറ, അടിയന്തിരക്കാര്‍, കോമരം, ചന്തന്‍ എന്നിവര്‍ക്കെല്ലാമുള്ള സ്ഥാനികപന്തലുകള്‍ എന്നിവയും നിര്‍മിക്കും. ദേവസ്ഥാനത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഭക്തര്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഉത്സവനാളുകളില്‍ വനാന്തരത്തിലെ ദേവസ്ഥാനത്ത് 24 മണിക്കൂറും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

24-ന് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ചശേഷമാണ് പാടിയില്‍ പ്രവേശിക്കുന്ന ചടങ്ങിന് തുടക്കമാകുക. വേൾഡ് വിഷൻ ചക്കരക്കൽ. പാടിയിലെ തിരുമുറ്റത്ത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ശുദ്ധികര്‍മങ്ങള്‍ക്കും കലശപൂജയ്ക്കും ശേഷം കങ്കാണിയറയില്‍ വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് തുടക്കമാവും

ഉത്സവത്തിന്റെ ആദ്യദിവസം പുതിയ മുത്തപ്പന്‍, പുറംകാലമുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റ് ഉത്സവദിവസങ്ങളില്‍ വൈകുന്നേരം 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയുടെ കോലം കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15421/kunnathoorpadi-mahotsavam-work-has-started-on-padi-and-the-festival-will-start-on-december-24)