---
title: "വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണമെന്നതാണ് കമ്മ്യൂണിസ്റ്റ് തത്വം: എം.വി ജയരാജന്‍"
english_title: "The communist principle is that the individual must surrender to the party: MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15419/the-communist-principle-is-that-the-individual-must-surrender-to-the-party-mv-jayarajan"
published_at: "2021-12-10T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3147c4315f_download (11).jpg"
keywords: []
---

# വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണമെന്നതാണ് കമ്മ്യൂണിസ്റ്റ് തത്വം: എം.വി ജയരാജന്‍

> **Lead Summary:** **കണ്ണൂര്‍: **വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണമെന്നതാണ് കമ്യൂണിസ്റ്റ് തത്വമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

## Article Content

**കണ്ണൂര്‍: **വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണമെന്നതാണ് കമ്യൂണിസ്റ്റ് തത്വമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

കെ.കെ ശൈലജയെ മന്ത്രിയാക്കാഞ്ഞത് പാര്‍ട്ടി നയം ഇതായത് കൊണ്ടാണ്. താഴെ തട്ടില്‍ വിമര്‍ശനം ഉയരുന്നതില്‍ പാര്‍ട്ടിക്ക് ഭയം ഇല്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. പി ജയരാജനെ പാര്‍ട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതില്‍ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എംഎല്‍എയാക്കാന്‍ സിപിഎം തയ്യാറല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി.പി. എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടങ്ങാനിരിക്കെയാണ് പി.ജയരാജന്‍, കെ.കെ ശൈലജ, എന്നീ നേതാക്കളെ തഴഞ്ഞതില്‍ പ്രതിനിധികള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള പരസ്യമറുപടിയുമായി എം.വി ജയരാജന്‍ രംഗത്തു വന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15419/the-communist-principle-is-that-the-individual-must-surrender-to-the-party-mv-jayarajan)