---
title: "ഉദ്യോഗാർത്ഥികളെ മികവുറ്റ തൊഴിൽ നേടാൻ പ്രാപ്തരാക്കും:  എം വി ഗോവിന്ദൻമാസ്റ്റർ "
english_title: "Candidates will be empowered to get excellent career: MV Govindanmaster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152746/candidates-will-be-empowered-to-get-excellent-career-mv-govindanmaster"
published_at: "2023-10-11T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65268add8ac71_download_(4).jfif"
keywords: []
---

# ഉദ്യോഗാർത്ഥികളെ മികവുറ്റ തൊഴിൽ നേടാൻ പ്രാപ്തരാക്കും:  എം വി ഗോവിന്ദൻമാസ്റ്റർ 

> **Lead Summary:** **തളിപ്പറമ്പ്: **മണ്ഡലത്തിൽ ഒരുവർഷം കൊണ്ട് പതിനഞ്ചായിരം ഉദ്യോഗാർത്ഥികളെ ലോകതൊഴിൽ കമ്പോളത്തിൽ തൊഴിൽ നേടാൻ ശേഷിയുള്ളവരായി ഉയർത്തുമെന്ന് എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ പറഞ്ഞു. തളിപ്പറമ്പ സ്കിൽ ഡെവലപ്മെന്റ്, എൻട്രൊപ്രണർഷിപ്പ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ആക്ഷൻപ്ലാൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **മണ്ഡലത്തിൽ ഒരുവർഷം കൊണ്ട് പതിനഞ്ചായിരം ഉദ്യോഗാർത്ഥികളെ ലോകതൊഴിൽ കമ്പോളത്തിൽ തൊഴിൽ നേടാൻ ശേഷിയുള്ളവരായി ഉയർത്തുമെന്ന് എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ പറഞ്ഞു. തളിപ്പറമ്പ സ്കിൽ ഡെവലപ്മെന്റ്, എൻട്രൊപ്രണർഷിപ്പ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ആക്ഷൻപ്ലാൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗാർത്ഥികളെ അഭിമുഖങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ പരിശീലനം നൽകും. അവരിൽ വിവിധ ഭാഷകൾ കെെകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം വളർത്തും. സംരംഭകത്വം വളർത്തുന്നതിനുള്ള പ്രോത്സാഹനം നൽകുമെന്നും ഇതിലൂടെ നാടിന്റെ സുസ്ഥിരവികസനവും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലന്വേഷകർക്ക് സംരംഭകത്വം, തൊഴിൽ നെെപുണ്യവികസനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം നൽകുക. തൊഴിലന്വേഷകരുടെ യോഗ്യതകൾ, കഴിവുകൾ, കരിയർ ലക്ഷ്യങ്ങൾ എന്നിവ വിലയിരുത്തിക്കൊണ്ട് അനുയോജ്യമായ പരിശീലനവും ആവശ്യമായ സഹായവും നൽകും. സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ളവരെ സംരംഭകത്വ പരിപാടിയിലൂടെ മാർഗനിർദേശം നൽകി മുന്നോട്ടുകൊണ്ടുവരും.

മെച്ചപ്പെട്ട തൊഴിൽ കണ്ടെത്തുന്നതിന് പുതിയ കഴിവുകൾ നേടുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനുമായി സ്കിൽ ഗ്യാപ് വിശകലനം നടത്തുകയും പരിശീലനം നൽകുകയും ചെയ്യും. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖ പ്രസംഗം നടത്തി. പ്രവീൺ പരമേശ്വരൻ, പി എം റിയാസ്, വിഗ്നേഷ് രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ.എം സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152746/candidates-will-be-empowered-to-get-excellent-career-mv-govindanmaster)