---
title: "സിപിഐയെ വിമർശിച്ച എം വി ജയരാജന് മറുപടി നൽകാനൊരുങ്ങി സിപിഐ, പൊതുയോഗം നടത്തും"
english_title: "The CPI will hold a public meeting in response to MV Jayarajan's criticism of the CPI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14955/the-cpi-will-hold-a-public-meeting-in-response-to-mv-jayarajans-criticism-of-the-cpi"
published_at: "2021-12-07T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af7b9837d5f_download (11).jpg"
keywords: []
---

# സിപിഐയെ വിമർശിച്ച എം വി ജയരാജന് മറുപടി നൽകാനൊരുങ്ങി സിപിഐ, പൊതുയോഗം നടത്തും

> **Lead Summary:** **തളിപ്പറമ്പ്: **മാന്ധംകുണ്ടിൽ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പൊതുയോഗത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മറുപടി നൽകാനൊരുങ്ങി സിപിഐ. കീഴാറ്റൂർ മാന്ധംകുണ്ടിൽ സിപിഐയും പൊതുയോഗം നടത്തും.

## Article Content

**തളിപ്പറമ്പ്: **മാന്ധംകുണ്ടിൽ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പൊതുയോഗത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മറുപടി നൽകാനൊരുങ്ങി സിപിഐ. കീഴാറ്റൂർ മാന്ധംകുണ്ടിൽ സിപിഐയും പൊതുയോഗം നടത്തും.

പൊതുയോഗത്തിന്റെ തീയതിയും മറ്റു കാര്യങ്ങളും തളിപ്പറമ്പിൽ നടക്കുന്ന സിപിഐ മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും. സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കീഴാറ്റൂരിൽ നടന്ന ആലോചനാ യോഗത്തിലാണ് സിപിഎമ്മിനു മറുപടി നൽകാൻ യോഗം നടത്താൻ തീരുമാനിച്ചത്.

പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. അതേസമയം സിപിഎം പിഴുതെടുത്ത സിപിഐയുടെ പതാക മാന്ധംകുണ്ടിൽ തന്നെ പുനഃസ്ഥാപിക്കാനും തീരുമാനമായി. തർക്ക സ്ഥലത്തല്ലെങ്കിൽ ഇതിനു സമീപത്ത് എവിടെയെങ്കിലും പതാക പുനഃസ്ഥാപിക്കും.

ഈ സ്ഥലം കഴിഞ്ഞദിവസം പി.സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി. പി.സന്തോഷ് എന്നിവർ സന്ദർശിച്ചിരുന്നു. മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ, സി.ലക്ഷ്മണൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

അതേസമയം സി.പി.ഐയെ നശിപ്പിച്ച് സി.പി.എമ്മിലേക്ക് പോയ പുല്ലായ്‌ക്കൊടി ചന്ദ്രനെ പാർട്ടിയിൽ എടുത്തവരാണോ മുരളിയെ സ്വീകരിച്ചതിന് സി പി ഐയെ പഴിപറയുന്നത് എന്നാണ് പിന്നാമ്പുറ സംസാരം.

നേരത്തെ സി.പി.ഐയില്‍ നിന്നും സി.പി.എമ്മില്‍ എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ സി പി എം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രന്‍. സി.പി.ഐയ്യില്‍നിന്നും സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയതെന്നാണ് മാന്ധംകുണ്ടിൽ കഴിഞ്ഞ മാസം പ്രചരിച്ച പോസ്റ്ററുകളിലെ സൂചന.

‘സി.പി.ഐ നേതാക്കള്‍ കാണിച്ച ആര്‍ജ്ജവം സി.പി.എം നേതാക്കള്‍ കാണിക്കുമോ ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍’ തുടങ്ങിയ വാചകങ്ങളാണ് അന്ന് പ്രചരിച്ച പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിക്കെതിരെയായിരുന്നു അന്ന് പോസ്റ്ററുകള്‍.

അതേസമയം ഒരു ലോക്കലിൽ നടന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മാന്ധംകുണ്ടിൽ കഴിഞ്ഞദിവസം നടന്ന സി പി എം രാഷ്ട്രീയ വിശദീകരണയോഗത്തിൽ രണ്ട് കേന്ദകമ്മിറ്റി അംഗങ്ങളും, സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി നേതാക്കൾ വരെ പങ്കെടുത്തത് തളിപ്പറമ്പുകാരെയും ഞെട്ടിച്ചിരിക്കുകയാണ്..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14955/the-cpi-will-hold-a-public-meeting-in-response-to-mv-jayarajans-criticism-of-the-cpi)