---
title: "വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Taliparamba to be world class in tourism; Minister Muhammad Riyaz"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14746/taliparamba-to-be-world-class-in-tourism-minister-muhammad-riyaz"
published_at: "2021-12-06T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0ebbdf285_92393de9-acb9-4530-bf1d-e3fd2c2d5c8a.jpg"
keywords: []
---

# വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **തളിപ്പറമ്പ്: **വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ മണ്ഡലത്തിലെ ടൂറിസം വികസനത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മന്ത്രി മുഹമ്മദ് റിയാസ് യോഗത്തിൽ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളും-ടൂറിസം വകുപ്പും ചേർന്നുകൊണ്ട് ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസം സെന്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാനുള്ള സമഗ്രപദ്ധതികൾ മണ്ഡലത്തിൽ ആവിഷ്ക്കരിക്കുകയാണ്.

ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സവിശേഷതകളുള്ള പ്രദേശമായ തളിപ്പറമ്പിന്റെ ജലസ്രോതസ്സുകളും വൈവിധ്യങ്ങളുള്ള കാർഷികമേഖലയെയും പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കത്തക്ക രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും.

പിൽഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം, ഫ്രീഡം സർക്യൂട്ട്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ മേഖലകളെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി തളിപ്പറമ്പിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രവും ജലഗതാഗത സംവിധാനവും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്ണക്ഷേത്രം, നീലിയാർ കോട്ടം, ശ്രീ വൈദ്യനാഥ ക്ഷേത്രം, എന്നിവയുൾപ്പെടുത്തി പിൽഗ്രിം ടൂറിസം സെന്റർ നടപ്പാക്കും.

1910 ൽ പണികഴിപ്പിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തളിപ്പറമ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന രീതിയിൽ ആളുകൾക്ക് കാണുവാനും, പഠിക്കുവാനും ഉള്ള സൗകര്യത്തോടു കൂടി ഹെറിറ്റേജ് ടൂറിസം കൂടി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

സ്വതന്ത്ര്യസമര ചരിത്രവും, മോറാഴ ഉൾപ്പെടെയുള്ള സമരചരിത്രം അനാവരണം ചെയ്യപ്പെടുന്ന ഫ്രീഡം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്യും. ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള വെള്ളിക്കീൽ ഇക്കോ പാർക്കിന്റെ സമഗ്ര വികസനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കുട്ടികൾക്കുള്ള പാർക്ക്, മെഡിറ്റേഷൻ സ്പേസ്, നടപ്പാത, പെഡൽ ബോട്ട് സർവീസ്തുടങ്ങി മുഴുവൻ ആളുകൾക്കും സമയം ചെലവഴിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിനെ വികസിപ്പിക്കും.

ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ച് തളിപ്പറമ്പ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരിച്ചുകൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച റസ്റ്റ് ഹൗസാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് മന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ ആന്തൂർ മുൻസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡൻറ് ശ്രീ സി എം കൃഷ്ണൻ , ആർ.ഡി.ഒ ശ്രീമതി മേഴ്‌സി, ഡിടിപിസി റീജിയണൽ ജോയിന്റ് ഡയറക്ടർ അനിത കുമാരി, ഡിടിപിസി സെക്രട്ടറി ജിതേഷ് കുമാർ, സിപിഐഎം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14746/taliparamba-to-be-world-class-in-tourism-minister-muhammad-riyaz)