---
title: "വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസ്"
english_title: "A case against the teacher in the incident of beating up the student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141942/a-case-against-the-teacher-in-the-incident-of-beating-up-the-student"
published_at: "2023-08-26T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea0afd4373d_Untitled-2-web.jpg"
keywords: []
---

# വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസ്

> **Lead Summary:** **ലഖ്‌നൗ : **മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ കേസ്. ഐ പി സി സെക്ഷന്‍ 504 (ഒരാളെ അപമാനിച്ചതിനുള്ള ശിക്ഷ), 323 (സ്വമേധയാ വേദനിപ്പിച്ചതിനുള്ള ശിക്ഷ) എന്നിവ പ്രകാരം തൃപ്ത ത്യാഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

## Article Content

**ലഖ്‌നൗ : **മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ അടിക്കാന്‍ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ കേസ്. ഐ പി സി സെക്ഷന്‍ 504 (ഒരാളെ അപമാനിച്ചതിനുള്ള ശിക്ഷ), 323 (സ്വമേധയാ വേദനിപ്പിച്ചതിനുള്ള ശിക്ഷ) എന്നിവ പ്രകാരം തൃപ്ത ത്യാഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

നേരത്തെ സ്‌കൂളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും കുട്ടിയെ സ്ഥാപനത്തില്‍ നിന്ന് പിന്‍വലിച്ചതിന്റെ ഫീസ് തിരികെ നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് കേസില്‍ പരാതി നല്‍കുന്നില്ലെന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം രാജ്യത്താകെ വിവാദമായ സാഹചര്യത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ രണ്ടു മണിക്കൂറോളം അധ്യാപിക ഉപദ്രവിച്ചെന്നും കുട്ടി പേടിച്ചിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. ഇനി സ്‌കൂളിലേക്ക് വിടേണ്ടെന്നാണ് തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു രാജ്യത്തെ തന്നെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. ഒരു മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റു കുട്ടികള്‍ മുഖത്തടിച്ചിട്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. അടിയേറ്റ കുട്ടി കരയുന്നതും അതിനിടെ അധ്യാപിക കൂടുതല്‍ ശക്തിയില്‍ അടിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കുട്ടിയെ മര്‍ദിക്കാന്‍ അധ്യാപിക തന്നെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം സംഭവത്തില്‍ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141942/a-case-against-the-teacher-in-the-incident-of-beating-up-the-student)