---
title: "അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പരിഷ്‌കരിച്ച പാഠപുസ്തകം"
english_title: "Revised textbook in five classes next academic year"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141342/revised-textbook-in-five-classes-next-academic-year"
published_at: "2023-08-23T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e61fb8ed823_Untitled-2-web.jpg"
keywords: []
---

# അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പരിഷ്‌കരിച്ച പാഠപുസ്തകം

> **Lead Summary:** **തിരുവനന്തപുരം: **അടുത്ത അധ്യയന വര്‍ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് വിദ്യാലയങ്ങളില്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ച ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം: **അടുത്ത അധ്യയന വര്‍ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് വിദ്യാലയങ്ങളില്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ച ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി 4 മേഖലകളില്‍ കരട് പാഠ്യപദ്ധതി ചട്ടക്കൂട് പൂര്‍ത്തിയായി. തുടര്‍ന്ന് പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടന്നുവരികയാണ്. ജ്ഞാന സമൂഹ സൃഷ്ടിയിലൂടെ നവകേരള നിര്‍മ്മിതി എന്ന വിശാലമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസ സമൂഹത്തിന് തന്നെ മാതൃകയായി ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍ കേരളം ഏറ്റെടുത്തത്. ലോകത്ത് ആദ്യമായിട്ടാണ് വിദ്യാര്‍ത്ഥികളും പാഠ്യപദ്ധതി രൂപീകരണ ചര്‍ച്ചകളില്‍ പങ്കാളികളായത്. 2025 ല്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പാഠുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ഇവിടെയെല്ലാം വിശാലമായ ജനാധിപത്യ മര്യാദകള്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ നടക്കുന്ന പരിഷ്‌കരണ നടപടികള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന കണ്‍കറന്റ് ലിസ്റ്റിന്റെ യഥാര്‍ത്ഥ സമീപനം ഉള്‍ക്കൊള്ളാത്തതുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141342/revised-textbook-in-five-classes-next-academic-year)