---
title: "ഈ വർഷത്തെ പറശ്ശിനിമടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി"
english_title: "This year's Parassinimadappura Muthappan Puthari flagged off the Thiruvappana Mahotsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14038/this-years-parassinimadappura-muthappan-puthari-flagged-off-the-thiruvappana-mahotsavam"
published_at: "2021-12-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a893f6d8a0d_news card.jpg"
keywords: []
---

# ഈ വർഷത്തെ പറശ്ശിനിമടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** **കണ്ണൂർ: **ഈ വർഷത്തെ പറശ്ശിനിമടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരിയാണ് കൊടിയേറ്റ് നടത്തിയത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് തിരുവപ്പന മഹോത്സവം നടക്കുന്നത്.

## Article Content

**കണ്ണൂർ: **ഈ വർഷത്തെ പറശ്ശിനിമടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരിയാണ് കൊടിയേറ്റ് നടത്തിയത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് തിരുവപ്പന മഹോത്സവം നടക്കുന്നത്.

കൊടിയേറ്റിന് ശേഷം ഉച്ചയ്ക്ക് 1 മണിയോടെ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങ് നടക്കും. വൈകുന്നേരം 3.30യോടുകൂടി തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിലേക്ക് പ്രവേശിക്കുന്നതോടെ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള 15 ഓളം ഭജന സംഘങ്ങൾ മടപ്പുരയിലേക്ക് പ്രവേശിക്കും.

സന്ധ്യക്ക് ശേഷം ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടവും രാത്രി 10 മണിയോടെ മുത്തപ്പൻ അന്തിവേലയും നടക്കും. തുടർന്ന് പഞ്ചവാദ്യത്തിൻറെ അകമ്പടിയോടുകൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിലേക്ക് യാത്ര ആരംഭിക്കും. ആ സമയത്ത് ആചാരപ്രകാരമുള്ള കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

3 ന് രാവിലെ 5 മണിയോടു കൂടി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. തുടർന്ന് മുത്തപ്പൻ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകും. രാവിലെ 10 മണിയോടെ 15 ഓളം വരുന്ന മുത്തപ്പൻ ഭജന സംഘങ്ങളെ അനുഗ്രഹിച്ച് തിരിച്ചയക്കും.

വൈകുന്നേരം 6.30ന് വെള്ളാട്ടവും ഉണ്ടായിരിക്കും. ഞായറാഴ്ച ദിവസം മുത്തപ്പൻ കെട്ടിയാട്ടം, കുട്ടികൾക്കുള്ള ചോറൂണ്, പ്രസാദ ഊട്ട് ,ചായ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതല്ല.

ഡിസംബർ 5, 6 ദിവസങ്ങളിൽ രാത്രിയിൽ കേരളത്തിലെ പ്രഗത്ഭരായ കലാകരന്മാരെ പങ്കെടുപ്പിച്ച് പറശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം അവതരിപ്പിക്കുന്ന ഗംഭീര കഥകളിയും ഉണ്ടായിരിക്കും.ഡിസംബർ 6 ന് രാവിലെ നടക്കുന്ന കലശാട്ടത്തോടു കൂടിയാണ് ഉത്സവത്തിൻറെ കൊടിയിറങ്ങുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14038/this-years-parassinimadappura-muthappan-puthari-flagged-off-the-thiruvappana-mahotsavam)