---
title: "പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹതയുണ്ടെന്ന് കുടുംബം"
english_title: "death-of-polytechnic-student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14025/death-of-polytechnic-student"
published_at: "2021-12-02T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88a0741445_suicide_kannur.jpg"
keywords: []
---

# പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹതയുണ്ടെന്ന് കുടുംബം

> **Lead Summary:** കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് ഇലക്ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്.അശ്വന്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛന്‍ എടക്കാട് പോലീസില്‍ പരാതി നല്‍കി.

## Article Content

കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് ഇലക്ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്.അശ്വന്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛന്‍ എടക്കാട് പോലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച രാത്രി ഒരുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്ന മകന്‍ ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നാണ് അച്ഛന്‍ ടി.ശശി നല്‍കിയ പരാതിയിലുള്ളത്. 

സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും സംഭവസ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 30-ന് രാത്രി ഹോസ്റ്റലില്‍ പരിപാടി നടത്തിയെന്ന് അറിയാന്‍ കഴിഞ്ഞു.

ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിക്ക് തലയ്ക്ക് മുറിവേറ്റതായി പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. അശ്വന്ത് ആത്മഹത്യചെയ്യാന്‍ ഒരുകാരണവും തങ്ങളുടെയോ പോളിടെക്നിക് അധികൃതരുടെയോ അറിവിലില്ല. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് ശശി പോലീസില്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന അശ്വന്തിനെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കോളേജ് അലങ്കരിക്കുന്നതില്‍ ചൊവ്വാഴ്ച വൈകുംവരെ അശ്വന്ത് സജീവമായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14025/death-of-polytechnic-student)