---
title: "മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം എം വിജിൻ എം എൽ എ കൃഷിമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി"
english_title: "State Award for Best Organic Agriculture Constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139759/state-award-for-best-organic-agriculture-constituency"
published_at: "2023-08-17T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de33cd8eab3_news-card.jpg"
keywords: []
---

# മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം എം വിജിൻ എം എൽ എ കൃഷിമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

> **Lead Summary:** കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം എം വിജിൻ എം എൽ എ തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്നും ഏറ്റുവാങ്ങി. കല്യാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുഷ ബി, ദിനേഷ് ഇ എന്നിവരും ഉണ്ടായിരുന്നു.

## Article Content

കേരളത്തിലെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം എം വിജിൻ എം എൽ എ തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്നും ഏറ്റുവാങ്ങി. കല്യാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുഷ ബി, ദിനേഷ് ഇ എന്നിവരും ഉണ്ടായിരുന്നു.

പ്രശസ്തിപത്രവും, ഫലകവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്ക്കാരം. ചsങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ജൈവ പദ്ധതി നടപ്പിലാക്കുന്ന നിയോജക മണ്ഡലത്തിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്ക്കാരത്തിലൂടെ കല്യാശേരിക്ക് ലഭിച്ചത്. കാർഷിക മേഖലയിൽ നൂതനമായ പദ്ധതികളാണ് കല്യാശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്.

ഇതിൻ്റെ മികച്ച ഉദാഹരണമാണ് ഔഷധ ഗ്രാമം പദ്ധതി. കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും ഉൾപ്പടെ ആദ്യഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി കൃഷി ആരംഭിച്ചു. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ ഉൾപ്പടെ 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി, കർഷകരുടെ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും, വിപണനത്തിനുമായി സൊസൈറ്റിക്ക് രൂപം നൽകും കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കി ശാസ്ത്രീയ കൃഷി സംസ്ക്കാരവും , സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി മണ്ഡലം അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഏഴോം, പട്ടുവം കണ്ണപുരം പഞ്ചായത്തുകളിൽ കൈപ്പാട് കൃഷിയും മികച്ച നിലയിൽ നടന്നുവരുന്നു. 98 ഹെക്ടർ സ്ഥലത്താണ് കൈപ്പാട് കൃഷി ചെയ്തുവരുന്നത്. ഭൗമ സൂചിക കരസ്ഥമാക്കിയ കൈപ്പാട് അരി ഉദ്പാദിപ്പിക്കുന്നത് കർഷകരുടെ കൂട്ടായ്മയായ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ ആസ്ഥാനം കല്യാശ്ശേരി മണ്ഡലത്തിലാണ്. പട്ടുവത്ത് പയർ, ഉഴുന്ന് കൃഷി മികച്ച നിലയിൽ കർഷക കൂടായ്മകൾ മുഖേന നടത്തി വരുന്നു.

ചെറുതാഴം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കി. 100 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവൻ പഞ്ചായത്തുകളിലും കൃഷി വകുപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജൈവപച്ചക്കറികൃഷി, വായ തുടങ്ങി നിരവധിയായ പദ്ധതികൾ നടത്തിവരുന്നുണ്ട്. കല്യാശേരി മണ്ഡലത്തിൽ കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രചോദനമാകുന്നതാണ് ഈ അംഗീകാരമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139759/state-award-for-best-organic-agriculture-constituency)