---
title: "#onasreemela വരുന്ന ഓണക്കാലത്തെ തളിപ്പറമ്പിൽ വ്യത്യസ്തവും മാതൃകാപരവുമായി ആഘോഷിക്കാൻ 'ഓണശ്രീ' മേള"
english_title: "#'Onashree' Mela to celebrate the upcoming Onam season"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135657/onashree-mela-to-celebrate-the-upcoming-onam-season"
published_at: "2023-08-01T20:07:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9193701df4_news-card.jpg"
keywords: []
---

# #onasreemela വരുന്ന ഓണക്കാലത്തെ തളിപ്പറമ്പിൽ വ്യത്യസ്തവും മാതൃകാപരവുമായി ആഘോഷിക്കാൻ 'ഓണശ്രീ' മേള

> **Lead Summary:** വരുന്ന ഓണക്കാലത്തെ തളിപ്പറമ്പിൽ വ്യത്യസ്തവും മാതൃകാപരവുമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും 'ഓണശ്രീ' എന്ന പേരിൽ മേള സംഘടിപ്പിക്കും. കുടുംബശ്രീയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

## Article Content

വരുന്ന ഓണക്കാലത്തെ തളിപ്പറമ്പിൽ വ്യത്യസ്തവും മാതൃകാപരവുമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും 'ഓണശ്രീ' എന്ന പേരിൽ മേള സംഘടിപ്പിക്കും. കുടുംബശ്രീയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കുടുംബശ്രീ സംരംഭകരുടെയും കാർഷിക ഗ്രൂപ്പുകളുടെയും തനതായ ഉൽപ്പന്നങ്ങളുടെ വിൽപ്പന സ്റ്റാളുകൾ, വ്യത്യസ്ത വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഫുഡ് ഫെസ്റ്റിവൽ, സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉൾപ്പെടെ ഏവരെയും ഉൾപ്പെടുത്തി കൊണ്ട് കൾച്ചറൽ ഫെസ്റ്റിവൽ, തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഉൾചേർക്കുന്ന പ്രദർശനങ്ങൾ എന്നിവ ഈ വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാവും.

കുടുംബശ്രീ മിഷൻ കണ്ണൂർ നേതൃത്വം നൽകുന്ന ഈ മേള കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉൽപ്പന്നങ്ങൾക്കുള്ള വിപുലമായ വിപണി ഒരുക്കുന്നതോടൊപ്പം മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ മാനസികോല്ലാസം വർധിപ്പിക്കുന്നതിനും സഹായിക്കും.

കുടുംബശ്രീയുടെ നേതൃത്വത്തിൽ തന്നെ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന കലാസംസ്കാരിക പരിപാടികൾ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായിരിക്കും.കുടുംബശ്രീ ഫെയറിന്റെ മണ്ഡലം തല ഉദ്ഘാടനം ഓഗസ്റ്റ് 21ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന മേള 28ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135657/onashree-mela-to-celebrate-the-upcoming-onam-season)