---
title: "ചെറുപുഴയില്‍ ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം, ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍"
english_title: "mask_cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133370/mask_cherupuzha"
published_at: "2023-07-24T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be7bc572c6b_kannur-black-man.jpg.image.470.246.jpg"
keywords: []
---

# ചെറുപുഴയില്‍ ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം, ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍

> **Lead Summary:** ചെറുപുഴ ∙ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മുളപ്ര, പ്രാപ്പൊയിൽ വെസ്റ്റ്, പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി ഭാഗങ്ങളിലാണു ഇന്നലെ രാത്രി അജ്ഞാതനായ മുഖംമൂടി ഭീതി പരത്തിയത്.രാത്രി പതിന്നൊരയോടെ മുളപ്രയിലെ കെഎസ്ഇബി ജീവനക്കാരനായ എൻ.എസ്.സന്തോഷിന്റെ വീട്ടിലെത്തിയ അജ്ഞാതൻ വീടിന്റെ ജനലിൽ തട്ടി ശബ്ദമുണ്ടാക്കി.

## Article Content

ചെറുപുഴ ∙ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മുളപ്ര, പ്രാപ്പൊയിൽ വെസ്റ്റ്, പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി ഭാഗങ്ങളിലാണു ഇന്നലെ രാത്രി അജ്ഞാതനായ മുഖംമൂടി ഭീതി പരത്തിയത്.രാത്രി പതിന്നൊരയോടെ മുളപ്രയിലെ കെഎസ്ഇബി ജീവനക്കാരനായ എൻ.എസ്.സന്തോഷിന്റെ വീട്ടിലെത്തിയ അജ്ഞാതൻ വീടിന്റെ ജനലിൽ തട്ടി ശബ്ദമുണ്ടാക്കി.

ശബ്ദം കേട്ടു വീട്ടുകാർ എത്തിപ്പോഴേക്കും അജ്ഞാതൻ ഓടി രക്ഷപ്പെട്ടു. ഇതിനു സമീപത്തെ വീട്ടിലെത്തിയ അജ്ഞാതൻ പുറത്തു ഉണ്ടായിരുന്ന തുണികളെല്ലാം മടക്കി വച്ചതിനു ശേഷം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി. ഇവിടെയും നാട്ടുകാർക്ക് പിടി കൊടുക്കാതെ അജ്ഞാതൻ രക്ഷപ്പെടുകയായിരുന്നു. തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തു വ്യാപക തിരച്ചിൽ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല.

 പ്രാപ്പൊയിൽ ടൗണിനു സമീപത്തെ കെ.വേണുവിന്റെ വീട്ടുപരിസരത്തു എത്തിയ അജ്ഞാതൻ നാട്ടുകാരുടെ സാന്നിധ്യം അറിഞ്ഞതോടെ പശുതൊഴുത്തിൽ കയറി ഒളിച്ചു.പിന്നീട് ഇവിടെ നിന്നു ഓടി രക്ഷപ്പെട്ടു. തൊഴുത്തിൽ നിന്നു അജ്ഞാതന്റെ എന്നു കരുതുന്ന ഒരു ചെരിപ്പ് കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന പശുക്കിടാവ് ഭയന്നതിനെ തുടർന്നു തീറ്റ എടുക്കുന്നില്ലെന്നും കൂട്ടിൽ കയറാൻ തയാറാകുന്നില്ലെന്നും വീട്ടുടമ പറഞ്ഞു.

കോക്കടവിലെ കിഴക്കാരക്കാട്ട് സെബാസ്റ്റ്യൻ വാടകയ്ക്ക് താമസിക്കുന്ന തിരുമേനി സെന്റ് മേരീസ് മലങ്കര പള്ളിക്ക് സമീപത്തെ വീട്ടിലും, തിരുമേനി ടൗണിലെ തുണികടയുടെ പിറകിലെ മുറിയുടെ സമീപത്തും എത്തി അജ്ഞാതൻ വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി.

ശബ്ദം കേട്ടു ആളുകൾ ഉണർന്നതോടെ അജ്ഞാതൻ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇതിനു പുറമെ പ്രാപ്പൊയിൽ വെസ്റ്റിലെ മനേഷ്, ഓടപ്ലാക്കൻ ഷാബിൻ, പ്രേമ ജോണി തുടങ്ങിയവരുടെ വീടുകളിലും അജ്ഞാതൻ എത്തി ജനലിലും വാതിലിലും മുട്ടി ശബ്ദം ഉണ്ടാക്കി.

പ്രാപ്പൊയിൽ റേഷൻകട പരിസരത്തു നിന്നു അജ്ഞാതനെ കണ്ടെങ്കിലും പിടികൂടാനായില്ല. യുവാക്കളെ കണ്ടതോടെ മുഖംമൂടി ധരിച്ച അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി മുഴുവൻ പൊലീസും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

ആലക്കോട്, ചെറുപുഴ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അജ്ഞാതനായ മുഖംമൂടി വിഹരിക്കാൻ തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിട്ടും ഇനിയും പിടികൂടാനായില്ല. ഒരേ സമയം അജ്ഞാതനെ വിവിധ സ്ഥലങ്ങളിൽ കാണാൻ തുടങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങൾ ഭയപ്പാടേയാണു വീടുകളിൽ കഴിയുന്നത്.

ഇതിനിടെ മുഖംമൂടി സംഘത്തിൽ ഒന്നിലധികം ആളുകൾ ഉള്ളതായി സംശയം ഉയർന്നിട്ടുണ്ട്. ഒരേസമയം വിവിധ സ്ഥലങ്ങളിൽ അജ്ഞാതൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതാണു സംഘത്തിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നു സംശയിക്കാൻ കാരണമായത്. രാത്രിക്കാല പരിശോധനയ്ക്കായി യുവാക്കളുടെ കൂട്ടായ്മ തന്നെ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133370/mask_cherupuzha)