---
title: "#oommanchandy ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ, സംസ്കാര ചടങ്ങുകൾ രാത്രി ഏഴരക്ക് ശേഷം"
english_title: "Tens of thousands turn out to pay their last respects to Oommen Chandy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132164/tens-of-thousands-turn-out-to-pay-their-last-respects-to-oommen-chandy"
published_at: "2023-07-20T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9387bd0c99_Untitled-2-web.jpg"
keywords: []
---

# #oommanchandy ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങൾ, സംസ്കാര ചടങ്ങുകൾ രാത്രി ഏഴരക്ക് ശേഷം

> **Lead Summary:** **കോട്ടയം: **അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയില്‍ എത്തി. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്.

## Article Content

**കോട്ടയം: **അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയില്‍ എത്തി. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്.

പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദര്‍ശനമുണ്ടായിരിക്കും. സംസ്‌കാര ചടങ്ങുകള്‍ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുനക്കര മൈതാനിയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് മൂലം മൂന്ന് മണിക്കൂര്‍ നേരമാണ് തിരുനക്കരയിലെ പൊതുദര്‍ശനം നീണ്ടത്.

വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ആളുകളുടെ വലിയ തിരക്കാണ്. നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമായിരുന്നു കണക്കുകൂട്ടലെങ്കിലും തിരക്ക് കാരണം വൈകുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പുതിയ വീട്ടിലേക്ക് പുറപ്പെടും. ശേഷം പുതിയ വീട്ടില്‍ പ്രാര്‍ത്ഥന ആരംഭിക്കും. ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെടും. 7.30 ന് പള്ളിയില്‍ പ്രാര്‍ത്ഥന ആരംഭിക്കും.

തുടര്‍ന്ന് സംസ്‌കാരം നടക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആ?ഗ്ര?ഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132164/tens-of-thousands-turn-out-to-pay-their-last-respects-to-oommen-chandy)