---
title: "മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു."
english_title: "kerala-ex-chief-minister-oommen-chandy-passes-away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131285/kerala-ex-chief-minister-oommen-chandy-passes-away"
published_at: "2023-07-18T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5d70aef139_oommen-chandy--2-_890x500xt.jpg"
keywords: []
---

# മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു.

> **Lead Summary:** ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌യാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്.

## Article Content

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌യാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുണ്ട്.

2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകുന്നത്. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്.

ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131285/kerala-ex-chief-minister-oommen-chandy-passes-away)