---
title: "പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് നോട്ടീസ്; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി"
english_title: "Notice to K. M. Shaji in Plus two corruption case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131195/notice-to-k-m-shaji-in-plus-two-corruption-case"
published_at: "2023-07-17T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b52ffd47a66_Untitled-2-web.jpg"
keywords: []
---

# പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് നോട്ടീസ്; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി

> **Lead Summary:** **ന്യൂഡൽഹി:** പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്. ആറാഴ്ചക്കകം നോട്ടിസിന് മറുപടി നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

## Article Content

**ന്യൂഡൽഹി:** പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്. ആറാഴ്ചക്കകം നോട്ടിസിന് മറുപടി നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

കോഴക്കേസിലെ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്. അതേസമയം, ഷാജി കൈക്കൂലി ചോദിച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരോട് ആരാഞ്ഞു.

നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ബോധിപ്പിച്ചു.

അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ല്‍ സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131195/notice-to-k-m-shaji-in-plus-two-corruption-case)