---
title: "ട്രഷറിയിൽ ക്രമക്കേട് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ"
english_title: "Senior accountant arrested for treasury treasury"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13050/senior-accountant-arrested-for-treasury-treasury"
published_at: "2021-11-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1beff0db30_0a3950d6-b545-43fd-89b0-3fbffe68b4e0.jpg"
keywords: []
---

# ട്രഷറിയിൽ ക്രമക്കേട് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **ജില്ലാ ട്രഷറിയില്‍ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റ് അറസ്റ്റില്‍. കണ്ണൂര്‍ കൊറ്റാളി സ്വദേശി ചെല്ലട്ടനെന്ന നിതിന്‍രാജ്ആണ് അറസ്റ്റിലായത്. ജില്ലാ ട്രഷറി ഓഫിസറുടെ പരാതിയില്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെയോടെ കൊറ്റാളിയിലെ വീട്ടിലെത്തിയാണ് അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂര്‍: **ജില്ലാ ട്രഷറിയില്‍ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റ് അറസ്റ്റില്‍. കണ്ണൂര്‍ കൊറ്റാളി സ്വദേശി ചെല്ലട്ടനെന്ന നിതിന്‍രാജ്ആണ് അറസ്റ്റിലായത്. ജില്ലാ ട്രഷറി ഓഫിസറുടെ പരാതിയില്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫിസര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെയോടെ കൊറ്റാളിയിലെ വീട്ടിലെത്തിയാണ് അറസ്റ്റു ചെയ്തത്.

ജില്ലാ ട്രഷറിയില്‍ നിന്നും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

വിവിധ ക്ഷേമ പദ്ധതികളില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുളള സഹായധനം ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടു ഇന്നലെ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.

അക്കൗണ്ട് നമ്പറിലെയോ ഐ.എഫ്.എസ് കോഡിലെയോ തകരാര്‍ കാരണം ഗുണഭോക്താവിന് ലഭിക്കാതെ ട്രഷറി അക്കൗണ്ടിലേക്ക് തിരിച്ചുവരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സി.നിതിന്‍ രാജിനെ സസ്‌പെന്റ് ചെയ്തിരുന്നു.

ഇതിന്റെ തുടരന്വേഷണമെന്ന നിലയിലാണ് വിജിലന്‍സ് ഇന്നലെ പരിശോധന നടത്തിയത്. മറ്റുപല പദ്ധതികളിലെയും ഗുണഭോക്താക്കളുടെ പണം ഇതേ രീതിയില്‍ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇവിടെ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു.

അറസ്റ്റിലായ നിതിന്‍രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13050/senior-accountant-arrested-for-treasury-treasury)