---
title: "രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു"
english_title: "Chandrayan 3"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130284/chandrayan-3"
published_at: "2023-07-14T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b128ad94c81_Screenshot_20230714_162105_WhatsApp.jpg"
keywords: []
---

# രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു

> **Lead Summary:** **ശ്രീഹരിക്കോട്ട: **രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്.

## Article Content

**ശ്രീഹരിക്കോട്ട: **രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്.

ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.

ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്.

ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്.

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒയുള്ളത്.

ഭൂമി മുതൽ ചന്ദ്രൻ വരെയുള്ള ചന്ദ്രയാന്റെ യാത്ര എങ്ങനെയെന്ന് ഒന്ന് അറിഞ്ഞു വരാം

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.

അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റ‌ർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130284/chandrayan-3)