---
title: "തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ; കെ സ്‌മാർട്ട്‌ നവംബർ ഒന്നുമുതൽ "
english_title: "k smart application"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/129357/k-smart-application"
published_at: "2023-07-11T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad15c5224ed_Untitled-2-web.jpg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ; കെ സ്‌മാർട്ട്‌ നവംബർ ഒന്നുമുതൽ 

> **Lead Summary:** തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ സ്‌മാർട്ട്‌ സംവിധാനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു.

## Article Content

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ സ്‌മാർട്ട്‌ സംവിധാനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു.

തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം തൃക്കോവിൽവട്ടത്ത്‌ നിർവഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്‌ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം.

അടുത്തഘട്ടമായി വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള ‘സിറ്റിസൺ ഫീഡ്ബാക്ക്' എന്ന സംവിധാനവും നടപ്പാക്കാനുള്ള ആലോചനയിലാണ്. സിറ്റിസൺ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ റേറ്റിങ് നടത്തി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

പി സി വിഷ്‌ണുനാഥ് എംഎല്‍എ അധ്യക്ഷനായി. ‘ഒപ്പമുണ്ട് ഉറപ്പാണ്' എന്ന ടാഗ് ലൈന്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജകുമാരി മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ സേവനങ്ങൾക്ക് പുറമേ മറ്റു വകുപ്പുകളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ തുടങ്ങിയവ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ വഴി അറിയാനാകും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/129357/k-smart-application)