---
title: "പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍"
english_title: "case against k m shaji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/126168/case-against-k-m-shaji"
published_at: "2023-06-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb1074627e_news-card.jpg"
keywords: []
---

# പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

> **Lead Summary:** **ന്യൂഡല്‍ഹി: **പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

## Article Content

**ന്യൂഡല്‍ഹി: **പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

2013-14ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആര്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആര്‍. ഇട്ട് അന്വേഷണം നടത്തിയതെന്ന്് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോഴ നല്‍കിയ കാര്യം സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് ഹര്‍ജി ഫയല്‍ ചെയ്ത്.

അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 47 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/126168/case-against-k-m-shaji)