---
title: "കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം; ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി നോട്ടീസ്"
english_title: "vigilance investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125186/vigilance-investigation"
published_at: "2023-06-26T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649954a2d7173_Untitled-2-web.jpg"
keywords: []
---

# കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം; ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി നോട്ടീസ്

> **Lead Summary:** **ന്യൂഡല്‍ഹി:** കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അ്‌ന്വേഷണം. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ്, വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തനിക്കെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്നുണ്ടെന്ന് സുധാകരന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ് ലഭിച്ചെന്നും സുധാകരന്‍ അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി:** കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അ്‌ന്വേഷണം. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ്, വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തനിക്കെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്നുണ്ടെന്ന് സുധാകരന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ് ലഭിച്ചെന്നും സുധാകരന്‍ അറിയിച്ചു.

സ്‌കൂള്‍ അധ്യാപികയായിരുന്ന, സുധാകരന്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങള്‍ തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ്, സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്കു നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ കാടാച്ചിറ സ്‌കൂളില്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്‍.

ഭാര്യയുടെ അക്കൗണ്ടു പരിശോധിക്കുന്നതിനു വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

ഇതു മോന്‍സന്‍ കേസുമായി ബന്ധപ്പെട്ടാണോയെന്ന് അറിയില്ല. സാമ്പത്തികമായ അന്വേഷണത്തില്‍ ഏതു വിധത്തിലും സഹകരിക്കാന്‍ തയാറാണ്. കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ പിടിച്ചെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. തനിക്കല്ല, ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്- സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ പല സംസ്ഥാന ഏജന്‍സികളും അന്വേഷണം നടത്തുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവര്‍ ആലോചിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു. താന്‍ എന്തിനാണ് അതു പറയാന്‍ നില്‍ക്കുന്നത്? 

വായില്‍ത്തോന്നിയത് വിളിച്ചു പറയുന്ന ഗോവിന്ദന് എന്തും പറയാം.

അതിനെ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുകയെന്നത് തന്റെ ധര്‍മാണെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനഷ്ടത്തിനു കേസ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോവും. അതിനു ഗോവിന്ദന്റെ അഭിപ്രായമൊന്നും പരിഗണിക്കേണ്ട കാര്യമില്ല. ഗോവിന്ദന്റെ ഉപദേശം വാങ്ങിയിട്ടില്ല താന്‍ തന്റെ കാര്യം തീരുമാനിക്കുന്നത്. രണ്ടു ദിവസത്തിനകം ഗോവിന്ദനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യും. 

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഡല്‍ഹിയിലേക്കു വന്നത്. അതിന്റെ വിഷയം മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ടതല്ല, പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാനൊന്നും തങ്ങള്‍ക്കു താത്പര്യമില്ലെന്ന് ചോദ്യത്തിനു മറുപടിയായി സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125186/vigilance-investigation)