---
title: "പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യവകുപ്പുമായി കൈകോർത്ത്‌ നാട്‌"
english_title: "epidemic prevention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/125179/epidemic-prevention"
published_at: "2023-06-26T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499525cb8e3e_Untitled-2-web.jpg"
keywords: []
---

# പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യവകുപ്പുമായി കൈകോർത്ത്‌ നാട്‌

> **Lead Summary:** **കണ്ണൂർ: ** പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യവകുപ്പുമായി കൈകോർത്ത്‌ നാട്‌. അവധി ദിനമായ ഞായറാഴ്‌ച വീടുകൾ ശുചീകരിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. ഉറവിട നശീകരണമുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ്‌ വീടുകളിലും പരിസരത്തുമായി നടന്നത്‌. വിവിധഘട്ടങ്ങളായുള്ള ഡ്രൈഡേ ആചരണമാണ്‌ നടക്കുന്നത്‌.

## Article Content

**കണ്ണൂർ: ** പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യവകുപ്പുമായി കൈകോർത്ത്‌ നാട്‌. അവധി ദിനമായ ഞായറാഴ്‌ച വീടുകൾ ശുചീകരിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. ഉറവിട നശീകരണമുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ്‌ വീടുകളിലും പരിസരത്തുമായി നടന്നത്‌. വിവിധഘട്ടങ്ങളായുള്ള ഡ്രൈഡേ ആചരണമാണ്‌ നടക്കുന്നത്‌.

വെള്ളി സ്‌കൂളുകളിലും ശനി ഓഫീസുകളിലും ഡ്രൈഡേ ആചരിച്ചു. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ വീടുകളിൽ കൊതുകുകൾ വളരാനിടയുള്ള സാഹചര്യങ്ങൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കുകൂടിയാണ്‌ ഞായർ തുടക്കമായത്‌. വീട്ടുപരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ ശുചീകരിച്ചു.

വീടുകൾക്കുള്ളിലെ ചെടികളുടെ അടിയിലുള്ള പാത്രങ്ങളിലെയും ഫ്രിഡ്‌ജിന്റെ താഴയുള്ള ട്രേയിലെയും വെള്ളം ഉൾപ്പെടെ നീക്കം ചെയ്യാനാണ്‌ നിർദേശം. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്നുള്ള ജനകീയ കർമപരിപാടിയായണ്‌ ഇത്തവണ പകർച്ചവ്യാധി പ്രതിരോധത്തിനായി നടപ്പാക്കുന്നത്‌. പ്രദേശികാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും വീടുകളിലെത്തി ശുചിത്വസ്ഥിതി വിലയിരുത്തും.

പകർച്ച വ്യാധികൾക്കെതിരെ ശക്തമായ ബോധവൽക്കരണവും നടത്തും. വരും ആഴ്‌ചകളിലും വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ശുചീകരണ ഡ്രൈഡേ ആചരിക്കും. ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ നേരിയ വർധനയുണ്ടായി. താലൂക്ക്‌ ആശുപത്രി മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്ക്‌ പ്രവർത്തിക്കുന്നുണ്ട്‌. ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്നാണ്‌ ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/125179/epidemic-prevention)