---
title: "തെരുവുനായ ശല്യം, അധികൃതർ ജാഗ്രത കാണിക്കണം; എസ് വൈ എസ്"
english_title: "s y s"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124626/s-y-s"
published_at: "2023-06-24T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496727e492e6_Untitled-2-web.jpg"
keywords: []
---

# തെരുവുനായ ശല്യം, അധികൃതർ ജാഗ്രത കാണിക്കണം; എസ് വൈ എസ്

> **Lead Summary:** **തളിപ്പറമ്പ: **മനുഷ്യാവകാശ പ്രശ്നമായി മാറുന്ന തെരുവുനായ ശല്യത്തിൽ സർക്കാറും ഉദ്യോഗസ്ഥരും നിസംഗത കൈവെടിഞ്ഞ് ജാഗ്രത്താവണമെന്ന് എസ് വൈ എസ്. തെരുവുനായകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് എസ് വൈ എസ് തളിപ്പറമ്പ സർക്കിൾ കമ്മിറ്റി, മുനിസിപ്പൽ ചെയർ പേഴ്സൺ മുർശിദ കൊങ്ങായിക്ക് നിവേദനം നൽകി. സംസ്ഥാനത്തു തെരുവ് നായ ശല്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

## Article Content

**തളിപ്പറമ്പ: **മനുഷ്യാവകാശ പ്രശ്നമായി മാറുന്ന തെരുവുനായ ശല്യത്തിൽ സർക്കാറും ഉദ്യോഗസ്ഥരും നിസംഗത കൈവെടിഞ്ഞ് ജാഗ്രത്താവണമെന്ന് എസ് വൈ എസ്. തെരുവുനായകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് എസ് വൈ എസ് തളിപ്പറമ്പ സർക്കിൾ കമ്മിറ്റി, മുനിസിപ്പൽ ചെയർ പേഴ്സൺ മുർശിദ കൊങ്ങായിക്ക് നിവേദനം നൽകി. സംസ്ഥാനത്തു തെരുവ് നായ ശല്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

കുട്ടികളടക്കം നിരവധി പേര്‍ ഇതിനകം ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ ഒരു കുട്ടി അതി ദാരുണമായി കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം അതേ പ്രദേശത്തു വെച്ച് മറ്റൊരു കുട്ടി തെരുവ് നായകളുടെ ക്രൂരമായ അക്രമത്തിന്നിരയായി. തെരുവു നായ, സ്വൈര്യ ജീവിതത്തിന് അപ്പുറം മനുഷ്യജീവന് തന്നെ കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

എങ്ങുമെന്നതു പോലെ തളിപ്പറമ്പ മുനിസിപ്പലിറ്റിയിലെ ജനങ്ങളും വളരെ ഭീതിയിലാണ് കഴിയുന്നത്. മദ്റസകളിലും സ്കൂളുകളിലും പോകുന്ന വിദ്യാർത്ഥികളും ആരാധാനാലയങ്ങളിൽ പ്രാർത്ഥനക്ക് പോകുന്ന വിശ്വാസികളും മറ്റുള്ളവരും ഏറെ ഭയന്നാണ് പുറത്തിറങ്ങുന്നത്. ദൈനം ദിനാവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്തിടത്തേക്ക് കാര്യങ്ങൾ കൈ വിട്ടു പോവുമെന്ന് ആശങ്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഞാറ്റുവയലിൽ ഒരു കുട്ടി തലനാരിഴക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

1. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തെരുവു നായകളെ നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്യുക.

2. മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം മുനിസിപ്പാലിറ്റി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഭരണ സമിതികൾ പ്രമേയം പാസ്സാക്കി സംസ്ഥാന സര്‍ക്കാറിന് നല്‍കുക.

3. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ തെരുവ് നായശല്യമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

4. തെരുവ് നായ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവശ്യ ഘട്ടത്തില്‍ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ ജനകീയ ഇടപെടല്‍ സാധ്യമാക്കുക. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക. എന്നീ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ് വൈ എസ് തളിപ്പറമ്പ സോൺ സാമൂഹികം പ്രസിഡന്റ് കെ കെ അബ്ദുർറശീദ്, സർക്കിൾ ജ സെക്രട്ടറി അശ്റഫ് സഖാഫി, സാമൂഹികം സെക്രട്ടറി അബ്ദുല്ല വി, ശരീഫ് മന്ന സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124626/s-y-s)