---
title: "മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ കവർച്ച: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, തൊണ്ടിമുതലുകൾ  കണ്ടെത്തി "
english_title: "theft case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122303/theft-case"
published_at: "2023-06-14T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489737bb1951_images.jfif"
keywords: []
---

# മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ കവർച്ച: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, തൊണ്ടിമുതലുകൾ  കണ്ടെത്തി 

> **Lead Summary:** **പയ്യന്നൂര്‍: **ടൗണിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് ഓട്ടോയിൽ കടത്തി കൊണ്ടുപോയ കവർച്ച സംഘത്തിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻ്റിൽ കഴിയുന്ന കാസര്‍ഗോഡ് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ.വിനോദ്, കയ്യൂര്‍ സ്വദേശിയും ഇപ്പോള്‍ തളിപ്പറമ്പ് ടൗണിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിൽ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍എന്നിവരെയാണ് പയ്യന്നൂര്‍ എസ്‌.ഐ. എം.വി.ഷീജുവും സംഘവും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്തിയത്.

## Article Content

**പയ്യന്നൂര്‍: **ടൗണിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് ഓട്ടോയിൽ കടത്തി കൊണ്ടുപോയ കവർച്ച സംഘത്തിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻ്റിൽ കഴിയുന്ന കാസര്‍ഗോഡ് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ.വിനോദ്, കയ്യൂര്‍ സ്വദേശിയും ഇപ്പോള്‍ തളിപ്പറമ്പ് ടൗണിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിൽ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍എന്നിവരെയാണ് പയ്യന്നൂര്‍ എസ്‌.ഐ. എം.വി.ഷീജുവും സംഘവും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്തിയത്.

തൊണ്ടിമുതലുകൾ കാസറഗോഡ് കുമ്പളയിൽ വെച്ച് പോലീസ് കണ്ടെത്തി. മലഞ്ചരക്ക് കടയിലും സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ഗുഡ്സ് ഓട്ടോ കവർന്ന സ്ഥലത്തുമെത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി.മുഖ്യ പ്രതിയെ കണ്ടെത്താൻ കസ്റ്റഡിയിലുള്ള മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്ത പോലീസിന് സൂത്രധാരനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ച പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമം തുടങ്ങി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

  കഴിഞ്ഞമാസം 14ന് രാത്രിയിലാണ് കാറമേലിലെ എം.അമീറലിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അല്‍ അമീന്‍ ട്രേഡേഴ്സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിലുള്‍പ്പെടെ കുത്തി തുറന്നാണ് ഒന്നര കിന്റല്‍ കുരുമുളക്, നാല് കിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നു ലക്ഷം രൂപയോളം വരുന്ന സാധനങ്ങള്‍ പ്രതികൾ കവർന്നത്. ഗാന്ധിപാര്‍ക്ക് – ജ്യോതി സദനം റോഡിലെ ആക്രിക്കടയില്‍നിന്നും സംഭവദിവസം പുലർച്ചെ 2.30 മണിയോടെ മോഷ്ടിക്കുകയും കവര്‍ച്ച ചെയ്ത സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാനായി ഉപയോഗിക്കുകയും ചെയ്ത ഗുഡ്സ് ഓട്ടോ ദിവസങ്ങള്‍ക്കു മുമ്പ് കരിവെള്ളൂർ ആണൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആക്രിക്കടയുടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് സംഭവദിവസമായ 15ന് പുലര്‍ച്ചെ രണ്ടരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ആക്രിക്കടയില്‍നിന്നും ഓട്ടോ തള്ളിക്കൊണ്ടുപോകുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കണ്ടുകിട്ടിയിരുന്നു. ഈ നിരീക്ഷണ ക്യാമറാ ദൃശ്യമാണ് അന്വേഷണത്തിൽ വഴിതിരിവായത്. സംഭവദിവസം പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്ന വ്യാപാരസ്ഥാപനത്തിനരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷക്കരികില്‍ ഷര്‍ട്ടിടാത്ത ഒരാളെ കണ്ടതായി സമീപത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122303/theft-case)