---
title: "കണ്ണൂരിൽ യൂട്യൂബ് നോക്കി പഠിച്ച് ബൈക്ക് കവർച്ചക്കിറങ്ങിയ രണ്ട് പേർ പിടിയിൽ"
english_title: "Two men caught robbing their bikes after studying youTube in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12200/two-men-caught-robbing-their-bikes-after-studying-youtube-in-kannur"
published_at: "2021-11-22T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b87ed506fd_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ യൂട്യൂബ് നോക്കി പഠിച്ച് ബൈക്ക് കവർച്ചക്കിറങ്ങിയ രണ്ട് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പോലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തോട്ടടയിലെ മുബാറക്ക് മന്‍സിലില്‍ മുഹമ്മദ് താഹ, തോട്ടട സമാജ് വാദി കോളനിയിലെ സൂര്യന്‍ ഷണ്‍മുഖന്‍ എന്നിവരാണ് പിടിയിലായത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പോലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തോട്ടടയിലെ മുബാറക്ക് മന്‍സിലില്‍ മുഹമ്മദ് താഹ, തോട്ടട സമാജ് വാദി കോളനിയിലെ സൂര്യന്‍ ഷണ്‍മുഖന്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയകരമായി കണ്ട മുഹമ്മദ് താഹയെ പിടികൂടി പോലിസ് സ്റ്റേഷനില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ നേരത്തെ വാഹന മോഷണ കേസിലെ പ്രതിയാണെന്ന് മനസിലാവുകയായിരുന്നു.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് പോലിസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ രണ്ടുമാസം മുന്‍പ് കണ്ണൂര്‍ സിറ്റി സെന്ററില്‍ പാര്‍ക്ക് ചെയ്ത ഡിയോ സ്‌കൂട്ടര്‍ മുഹമ്മദ് താഹ മോഷ്ടിച്ചതായി സമ്മതിച്ചു.

ഇതിനെ തുടര്‍ന്ന് കൂടുല്‍ ചോദ്യം ചെയ്യലില്‍ താഹ ബംഗളൂരുവില്‍ പോയി മടങ്ങിവരുമ്പോള്‍ കോഴിക്കോടിറങ്ങി ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പാര്‍ക്കിങ് സ്ഥലത്തുവെച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന യമഹ വീത്രീ ബൈക്ക് മോഷ്ടിക്കുകയും നാട്ടിലേക്ക് കൊണ്ടുവന്ന് കുറെക്കാലം ഓടിച്ചതിനു ശേഷം ചാല ജിം കെയര്‍ ആശുപത്രിക്ക് പുറകുവശം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ ബൈക്ക് എടക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു. നേരത്തെ എടക്കാട് പോലിസ് സ്റ്റേഷനില്‍ കവര്‍ച്ചാ കേസിലെ പ്രതിയായ താഹ പ്രൊഫഷനല്‍ ബൈക്ക് മോഷ്ടാവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇയാള്‍ നാലോളം ബൈക്കുകള്‍ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.

തോട്ടട സമാജ്‌വാദി കോളനിയിലെ സൂര്യന്റെ സഹായത്തോടെയാണ് താഹ ബൈക്ക് മോഷ്ടിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് സൂര്യനെയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ മോഷ്ടിച്ച ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ടെന്നും മറ്റൊരു ബൈക്ക് ആക്രി കച്ചവടക്കാര്‍ക്കു വില്‍പന നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും അന്വേഷണത്തിന് നേതൃത്വത്തിന് നല്‍കിവരുന്ന പോലിസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി പറഞ്ഞു.ആക്രി കച്ചവടക്കാര്‍ക്ക് വിറ്റ ബൈക്ക് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യ പ്രതിയായ താഹ പ്രൊഫഷനല്‍ ബൈക്ക് മോഷ്ടാവാണെന്നും യൂട്യൂബ് നോക്കിയാണ് ഇയാള്‍ ചാവിയില്ലാതെ ബൈക്ക് മോഷ്ടിക്കുന്നത് പഠിച്ചതെന്നും ശ്രീജിത്ത് കോടേരി പറഞ്ഞു. ഓരോ ബൈക്ക് മോഡലും ചാവിയില്ലാതെ തുറക്കുന്നവിദ്യ ഇയാള്‍ യൂട്യൂബില്‍ നിന്നാണ് പഠിച്ചതെന്നു താഹ മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളെ ഇന്നലെ രാത്രിയോടെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് അറിയിച്ചു.

അന്വേഷണത്തില്‍ എസ്.ഐമാരായ നസീബ്, അഖില്‍, ഉണ്ണികൃഷ്ണന്‍, രാജീവന്‍, എ.എസ് അജയന്‍, ഷിനോബ്, സന്തോഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12200/two-men-caught-robbing-their-bikes-after-studying-youtube-in-kannur)