---
title: "കുറ്റിക്കോൽ ദത്തു ഗ്രാമത്തിൽ വീട് നവീകരിച്ച് നല്കി മൂത്തേടത്ത് എൻ എസ് എസ്"
english_title: "moothedath nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121143/moothedath-nss"
published_at: "2023-06-10T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483f8d69a28a_6483e27509780_jfif.jpg"
keywords: []
---

# കുറ്റിക്കോൽ ദത്തു ഗ്രാമത്തിൽ വീട് നവീകരിച്ച് നല്കി മൂത്തേടത്ത് എൻ എസ് എസ്

> **Lead Summary:** **തളിപ്പറമ്പ:** കുറ്റിക്കോലെ കൊയിലേരിയൻ മീനാക്ഷിക്കും കുടുംബത്തിനും ഇനി ആധിയും ആശങ്കയുമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. വർഷങ്ങൾക്ക് മുമ്പ് സർക്കാർ സഹായത്തോടെ നിർമ്മിച്ച പണിതീരാത്ത വീട് നവീകരിച്ച് പുത്തൻ ആക്കി മാറ്റിയിരിക്കുകയാണ് മൂത്തേടത്തെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് .

## Article Content

**തളിപ്പറമ്പ:** കുറ്റിക്കോലെ കൊയിലേരിയൻ മീനാക്ഷിക്കും കുടുംബത്തിനും ഇനി ആധിയും ആശങ്കയുമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. വർഷങ്ങൾക്ക് മുമ്പ് സർക്കാർ സഹായത്തോടെ നിർമ്മിച്ച പണിതീരാത്ത വീട് നവീകരിച്ച് പുത്തൻ ആക്കി മാറ്റിയിരിക്കുകയാണ് മൂത്തേടത്തെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് .

കൊയിലേരിയൻ മീനാക്ഷിയും മകളും മകളുടെ ഭർത്താവുമായിരുന്നു കുറ്റിക്കോലെ പണിതീരാത്ത വീട്ടിൽ താമസിച്ചിരുന്നത്. ശോച്യാവസ്ഥയിലായിരുന്ന വീട് നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല മീനാക്ഷിയും കുടുംബവും. അതിനിടയിലാണ് മീനാക്ഷിയുടെ മകളുടെ ഭർത്താവ് ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് അബന്ധത്തിൽ വീണ് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടത്. പണി പൂർത്തിയാവാത്ത ശോച്യാവസ്ഥയിലുള്ള വീട്ടിൽ നിന്ന് അണുബാധയേൽക്കുന്നതിനാൽ ചലനശേഷി നഷ്ടപ്പെട്ട രതീഷ് കൊയിലേരിയനെ അടുത്ത വീട്ടിൽ താമസിപ്പിച്ചായിരുന്നു പരിചരിച്ചിരുന്നത്.

ഇവരുടെ കുടുംബത്തിൻ്റെ ദയനീയാവസ്ഥ സ്ഥലം കൗൺസിലറായ ഇ.കുഞ്ഞിരാമൻ മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിനെ അറിയിക്കുകയും അവർ വീടിൻ്റെ നവീകരണ പ്രവർത്തി ഏറ്റെടുക്കുകയും തേപ്പും ടൈൽസ് ഇടലും പെയിൻ്റിങ്ങും ഉൾപ്പെടെയുള്ള പ്രവർത്തികൾ വിദഗ്ദ തൊഴിലാളികളുടെ സഹായത്തോടെ പൂർത്തിയാക്കുകയായിരുന്നു.അവർക്ക് കൈത്താങ്ങായി അവധിക്കാലത്ത് മണലരിച്ചും സിമൻ്റ് കുഴച്ചും സാധനങ്ങൾ സമാഹരിച്ചും വളണ്ടിയർമാർ കൂട്ടാവുകയായിരുന്നു.

കുറ്റിക്കോൽ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ ആർ.ഡി.ഒ ഇ പി.മേഴ്സി താക്കോൽദാനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ടി.പി. പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജീവനം പദ്ധതി പ്രകാരം എൻ എസ്. എസ് യൂണിറ്റ് നല്കുന്ന തയ്യൽ മെഷീൻ നഗരസഭാ കൗൺസിലർ ഇ . കുഞ്ഞിരാമൻ കൈമാറി. തുടർന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എൻ എസ് എസ് വളണ്ടിയർമാരെ ആദരിച്ചു. അധ്യാപകരായഎ.കെ.ഉഷ , പി.വി. മിദ്ലാജ് , പി.ടി.എ വൈസ് പ്രസിഡണ്ട് എം.ശശിന്ദ്രൻ , മദർ പി.ടി.എ പ്രസിഡണ്ട് എ. നിഷ തുടങ്ങിയവർ ആശംസകൾ നേർന്നു. വളണ്ടിയർ ലീഡർ കെ. ആദിത്യൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121143/moothedath-nss)