---
title: "സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് വളപട്ടണം ജനമൈത്രി പോലീസിന്റെ സേഫ് സർവെയിലൻസ് ക്യാമ്പയിൻ"
english_title: "safe serveillance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116465/safe-serveillance"
published_at: "2023-05-22T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7fb138d0d_Untitled-2_web.jpg"
keywords: []
---

# സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് വളപട്ടണം ജനമൈത്രി പോലീസിന്റെ സേഫ് സർവെയിലൻസ് ക്യാമ്പയിൻ

> **Lead Summary:** > **വളപട്ടണം :**വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, കുറ്റാന്വേഷണങ്ങൾക്ക് തെളിവാകുന്നതിനും വേണ്ടി CCTV ക്യാമറകളുടെ എണ്ണം വർധിപ്പിക്കാൻ വളപട്ടണം ജനമൈത്രി പോലീസ് "സേഫ് സർവൈലൻസ്" ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, തൊഴിൽ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരമാവധി CCTV ക്യാമറകൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ക്യാമ്പയിൻ.

## Article Content

> **വളപട്ടണം :**വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, കുറ്റാന്വേഷണങ്ങൾക്ക് തെളിവാകുന്നതിനും വേണ്ടി CCTV ക്യാമറകളുടെ എണ്ണം വർധിപ്പിക്കാൻ വളപട്ടണം ജനമൈത്രി പോലീസ് "സേഫ് സർവൈലൻസ്" ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ, തൊഴിൽ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരമാവധി CCTV ക്യാമറകൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ക്യാമ്പയിൻ.

ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പാപ്പിനിശ്ശേരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വേളാപുരം റേഷൻ കടയിൽ CCTV ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. ക്യാമറ സ്ഥാപിക്കാനുള്ള സാമഗ്രികൾ വളപട്ടണം SI ശ്രീ പ്രദീപ്കുമാർ ബാങ്ക് പ്രസിഡന്റ് കുന്നുമ്പ്രം നാരായണനിൽ നിന്നും ഏറ്റുവാങ്ങി.

ബാങ്ക് മിനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് ഡയരക്ടർ ബോർഡ് അംഗങ്ങളും ബാങ്ക് സിക്രട്ടറി പ്രദീപൻ, വളപട്ടണം പോലീസ് ജനമൈത്രി ബീറ്റ് ഓഫീസർ ഷൈജു മാച്ചാത്തി തുടങ്ങിയവർ സന്നിഹിതരായി. ക്യാമ്പയിന്റെ ഭാഗമായി റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ, തുടങ്ങിയ സാമൂഹ്യ കൂട്ടായ്മകൾക്ക് മത്സരവും സംഘടിപ്പിക്കുന്നുണ്ട് . ജൂൺ മാസം 30ന് മുമ്പായി തങ്ങളുടെ പ്രവർത്തന പരിധിക്കകത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലുമായി ഏറ്റവും അധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പരിശ്രമിക്കുന്ന കൂട്ടായ്മകൾക്ക് സമ്മാനം നൽകും.

ഒപ്പം സ്റ്റേഷൻ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കുന്ന എല്ലാർക്കും പ്രശംസ പത്രവും നൽകും. വളപട്ടണം, ചിറക്കൽ, അഴീക്കോട്, പാപ്പിനിശ്ശേരി പഞ്ചായത്തുകളാണ് പ്രവർത്തനപരിധി.ക്യാമ്പയിന്റെ ഭാഗമായി സേഫ് സർവൈലൻസ് ബോധവൽക്കരണ ക്ലാസ്സുകളും സൗഹൃദ സന്ദർശന പരിപാടികളും സംഘടിപ്പിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നതിനും,ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനുമായി ജനമൈത്രി ബീറ്റ് ഓഫീസർമാരെയോ സ്റ്റേഷനുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. 95266 44770 04972778100

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116465/safe-serveillance)