---
title: "ധനഞ്ജയനും സുധാകരനും അർജുൻ ബാബുരാജിനും ഡാങ്കെ പൂക്കാടിനും കെ കെ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം "
english_title: "media award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115979/media-award"
published_at: "2023-05-20T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646889fb74af1_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ധനഞ്ജയനും സുധാകരനും അർജുൻ ബാബുരാജിനും ഡാങ്കെ പൂക്കാടിനും കെ കെ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം 

> **Lead Summary:** **കണ്ണൂർ : **മാതൃഭൂമിയുടെ ദീർഘകാലം കൂത്തുപറമ്പ് ലേഖകനും കൂത്തുപറമ്പിലെ പത്രപ്രവർത്തക കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും കൂത്തുപറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് ദിശാ സൂചിക നൽകുകയും ചെയ്ത കെ കെ കൃഷ്ണന്റെ സ്മരണയ്ക്കായി മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി, വേങ്ങാട് സാന്ത്വനത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ കെ കെ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ : **മാതൃഭൂമിയുടെ ദീർഘകാലം കൂത്തുപറമ്പ് ലേഖകനും കൂത്തുപറമ്പിലെ പത്രപ്രവർത്തക കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും കൂത്തുപറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് ദിശാ സൂചിക നൽകുകയും ചെയ്ത കെ കെ കൃഷ്ണന്റെ സ്മരണയ്ക്കായി മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി, വേങ്ങാട് സാന്ത്വനത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ കെ കെ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു.

പ്രാദേശിക പത്ര, ദൃശ്യ മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് 2022,2023 വർഷത്തെ പുരസ്‌കാരം നൽകുന്നത്. 2022 വർഷത്തെ പ്രാദേശിക പത്രപ്രവർത്തകനുള്ള പുരസ്കാരം മാതൃഭൂമി പാട്യം ലേഖകൻ ടി സി സുധാകരനും ദൃശ്യമാധ്യമ മേഖലയിലെ പുരസ്കാരം കണ്ണൂർ വൺ ചാനലിലെ ഡാങ്കെ പൂക്കാടിനുമാണ് നൽകുക. 2023 വർഷത്തെ പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം മലയാള മനോരമ കൂത്തുപറമ്പ് ലേഖകൻ എൻ ധനഞ്ജയനും പ്രാദേശിക ചാനൽ പ്രവർത്തകനുള്ള പുരസ്‌കാരം കണ്ണൂർ വിഷൻ ചാനലിലെ അർജുൻ ബാബുരാജിനുമാണ് നൽകുക. പത്തായക്കുന്ന് സ്വദേശിയായ ടി സി സുധാകരൻ 32 വർഷമായി മാതൃഭൂമി പാട്യം ലേഖകനായി പ്രവർത്തിച്ചുവരികയാണ്.

90കളിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ദൂരദർശൻ സ്ട്രിoഗർ ക്യാമറാമേനായാണ് ഡാങ്കെ പൂക്കാട് മാധ്യമ പ്രവർത്തനം തുടങ്ങിയത്.കേരളത്തിലെ ആദ്യ പ്രാദേശിക ചാനലായ പയ്യന്നൂർ പനോരമയിൽ വാർത്തകൾ സംപ്രേഷണം തുടങ്ങിയതു മുതൽ അവിടെ വിഷ്വൽ എഡിറ്ററായി ജോലി ചെയ്തു. തുടർന്ന് കൊയിലാണ്ടിയിൽ നെറ്റ്വർക്ക് ചാനലിലേക്ക് മാറി. 2001 മുതൽ 2021 വരെ കണ്ണൂർ സിറ്റി ചാനലിൽ ക്യാമറാമേൻ . ഇക്കാലയളവിൽ എ എൻ ഐ,ടൈംസ് നൗ , ന്യൂസ്‌ എക്സ് തുടങ്ങിയ ദേശീയ ചാനലുകളുടെ കണ്ണൂർ, കാസർകോട്,വയനാട് ജില്ല സ്ട്രിംഗർ ക്യാമറാമേനായും ജോലി നോക്കി. 2021 മുതൽ കണ്ണൂർ വൺ ചാനലിന്റെ ക്യാമറാമേനായി ജോലി ചെയ്യുകയാണ്.

പടയണി സായാഹ്ന പത്രത്തിന്റെ റിപ്പോർട്ടറായി പത്ര പ്രവർത്തനം തുടങ്ങിയ എൻ ധനഞ്ജയൻ 45 വർഷത്തിലധികമായി മലയാള മനോരമയുടെ കൂത്തുപറമ്പ് ലേഖകനായി പ്രവർത്തിച്ചു വരികയാണ്. തലശ്ശേരിയിലെ പ്രാദേശിക ചാനലായ ടി.സി.എൻ ചാനലിൽ റിപ്പോർട്ടറായാണ് അർജുൻ ബാബുരാജ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കണ്ണൂർ വിഷൻ തലശ്ശേരി റിപ്പോർട്ടറായി. നിലവിൽ കണ്ണൂർ വിഷൻ ചാനൽ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്നു.

18 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം കെ കെ കൃഷ്ണന്റെ സ്മൃതി ദിനമായ മെയ് 21ന് ഞായറാഴ്ച രാവിലെ 10.30 മണിക്ക് തൊക്കിലങ്ങാടി സ്നേഹനികേതനിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുൻ മന്ത്രി കെ പി മോഹനൻ എംഎൽഎ സമ്മാനിക്കുമെന്ന് പുരസ്‌കാര സമിതി ചെയർമാൻ റഫീഖ് പാണപ്പുഴയും സെക്രട്ടറി കെ കെ കൃഷ്ണന്റെ മകൻ ശരത് കൃഷ്ണനും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115979/media-award)