---
title: "സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തു"
english_title: "anniversary of ldf govt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114910/anniversary-of-ldf-govt"
published_at: "2023-05-15T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461f0152755a_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂര ഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തു

> **Lead Summary:** പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത്‌ 67,069 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. പട്ടയവിതരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പട്ടയമേളയിൽ ജില്ലയിൽ 11,221 കുടുംബങ്ങൾക്കും പട്ടയം നൽകി.

## Article Content

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത്‌ 67,069 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. പട്ടയവിതരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പട്ടയമേളയിൽ ജില്ലയിൽ 11,221 കുടുംബങ്ങൾക്കും പട്ടയം നൽകി.

42 വർഷമായി പട്ടയത്തിന്‌ കാത്തിരിക്കുന്ന വയോധിക എളനാട്‌ നരിക്കുണ്ട്‌ കുറ്റിപുലി വീട്ടിൽ ഐസുവിനാണ്‌ മുഖ്യമന്ത്രി ആദ്യം പട്ടയം നൽകിയത്‌. സ്വന്തം ഭൂമിയുടെ അവകാശരേഖ മുഖ്യമന്ത്രിയിൽനിന്ന്‌  ഏറ്റുവാങ്ങുമ്പോൾ ഐസുവിന്റെ കണ്ണുകൾ തിളങ്ങി. 

‘‘42 വർഷമായി പട്ടയത്തിനായി  നെട്ടോട്ടത്തിലായിരുന്നു.  ഇപ്പോൾ മുഖ്യമന്ത്രിയെ കാണാനും സാധിച്ചു. അദ്ദേഹത്തിന്റെ കൈകളിൽ നിന്ന്‌ പട്ടയം വാങ്ങാനും സാധിച്ചു. മനസ്‌ നിറഞ്ഞു. വല്ല്യ സന്തോഷം’’. ഐസുവിന്റെ വാക്കുകൾ നാടിന്റേതായി മാറുകയാണ്‌.

ഈ വർഷം 40,000 പട്ടയമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ,  67,069 പട്ടയം ഇതിനകം വിതരണം ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ വർഷം 54,535 പട്ടയവും വിതരണം ചെയ്‌തു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ  1,77,011  എണ്ണം ഉൾപ്പെടെ ഏഴുവർഷത്തിനകം 2,98,615 കുടുംബങ്ങൾക്ക്‌ പട്ടയം വിതരണം ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114910/anniversary-of-ldf-govt)