---
title: "കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് പിന്‍വാതില്‍ നിയമനം: കണ്ണൂര്‍ സര്‍വ്വകലാശാല വി.സിയുടെ വീട് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു "
english_title: "Youth Congress blockades kannur university VC's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11453/youth-congress-blockades-kannur-university-vcs-house"
published_at: "2021-11-18T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61961de1b95d0_news card web.jpg"
keywords: []
---

# കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് പിന്‍വാതില്‍ നിയമനം: കണ്ണൂര്‍ സര്‍വ്വകലാശാല വി.സിയുടെ വീട് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു 

> **Lead Summary:** **കണ്ണൂര്‍: **വിവാദങ്ങള്‍ക്കിടെ സി.പി.എം നേതാവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷകരായ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോഷ്യേറ്റ് പ്രൊഫസല്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യു ഇന്ന് നടക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തിന് സമീപത്തെ വീട് ഉപരോധിച്ചു.

## Article Content

**കണ്ണൂര്‍: **വിവാദങ്ങള്‍ക്കിടെ സി.പി.എം നേതാവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷകരായ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോഷ്യേറ്റ് പ്രൊഫസല്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യു ഇന്ന് നടക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തിന് സമീപത്തെ വീട് ഉപരോധിച്ചു.

ഇന്ന് രാവിലെ 8.30ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ പ്രകടനമായി വി.സി ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയത്.

വി.സിയുടെ വീടിന്റെ ഗേറ്റ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് പോലിസ് ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പോലിസെത്തി പ്രവര്‍ത്തകരെ ബലമായി നീക്കം ചെയ്തു. സമരക്കാരും പോലിസും അല്‍പ്പനേരം പിടിവലിയുണ്ടായി.

മുദ്രാവാക്യം വിളികളോടെ ചെറുത്തുനിന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി.രാഹുല്‍, കമല്‍ജിത്ത്, വിനീഷ് ചുള്ളിയന്‍, റിനില്‍ മതുക്കോത്ത്, ഇമ്രാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

സമരം നടക്കുന്ന സമയത്ത് വി.സി ഔദ്യോഗിക വസതിയിലുണ്ടായിരുന്നു. ഈ മാസം 23നാണ് വി.സി സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഇതിനിടെയാണ് സി.പി.എം നേതാവിന്റെ ഭാര്യയെ ഉന്നത തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11453/youth-congress-blockades-kannur-university-vcs-house)