---
title: "നീറ്റ് യു.ജി പരീക്ഷ നാളെ "
english_title: "Neet ug exam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113032/neet-ug-exam"
published_at: "2023-05-06T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645682fe0dc05_Screenshot_20230506_220846_Google.jpg"
keywords: []
---

# നീറ്റ് യു.ജി പരീക്ഷ നാളെ 

> **Lead Summary:** **തിരുവനന്തപുരം: **ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ നാളെ ഉച്ചക്ക് 2 മണി മുതൽ 5.20 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സുതാര്യമായ വെള്ളക്കുപ്പി കൈവശം വയ്ക്കാം. 

## Article Content

**തിരുവനന്തപുരം: **ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ നാളെ ഉച്ചക്ക് 2 മണി മുതൽ 5.20 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സുതാര്യമായ വെള്ളക്കുപ്പി കൈവശം വയ്ക്കാം. 

രണ്ട് മണിക്കാണ് പരീക്ഷ തുടങ്ങുന്നത് എങ്കിലും ഒന്നരക്ക് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. 1.15 മുതൽ ഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലേറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. 3 മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.‌‍

ഫോട്ടോയുള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി വേണം പരീക്ഷക്ക് എത്താൻ. പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ്, ­­പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് (ഫോട്ടോ ഉള്ളത്), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐ ഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി ഉപയോ​ഗിക്കാം. ഭിന്നശേഷിക്കാർ ഇത് തെളിയിക്കുന്ന സർട്ടിഫക്കറ്റും കൈയിൽ കരുതണം. 

ഷൂസ് ധരിച്ച പരീക്ഷാഹോളിൽ പ്രവേശിക്കാൻ പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോ​ഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങൾ അനുവദിക്കുകയില്ല. വിശ്വാസ കാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനക്കായി പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് എത്തണം. ഇൻസ്ട്രുമെൻറ് ബോക്സ്, പെൻസിൽ ബോക്സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവയൊന്നും പരീക്ഷാ ​ഹാളിലേക്ക് കൊണ്ടുപോകരുത്.

ആഹാരപദാർഥങ്ങൾ, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ, ഇയർഫോൺ, കാൽക്കുലേറ്റർ ഉള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയൊന്നും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ട് പോകരുത്. വാട്ടർ ബോട്ടിൽ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളം കൊണ്ടുവരാൻ മറന്ന് പോയ വിദ്യാർത്ഥികൾക്ക് അത്യാവശ്യത്തിന് വാട്ടർ ബോട്ടിൽ നൽകാനുള്ള ഏർപ്പാട് ചെയ്യണമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113032/neet-ug-exam)