---
title: "പദ്ധതി നിർവഹണത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് ചരിത്ര നേട്ടം: ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് പത്താം സ്ഥാനവും"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111417/thalipparamb-municipality"
published_at: "2023-04-28T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b497b08e46_news-card.jpg"
keywords: []
---

# പദ്ധതി നിർവഹണത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് ചരിത്ര നേട്ടം: ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് പത്താം സ്ഥാനവും

> **Lead Summary:** **തളിപ്പറമ്പ് : **വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് പത്താമതും ജില്ലയിൽ ഒന്നാമതെത്തിയും തളിപ്പറമ്പ് നഗരസഭയ്ക്ക് ഇത് നേട്ടത്തിന്റെ വർഷം. 2022-23 വാർഷിക പദ്ധതിയിൽ 95 ശതമാനമാണ് നഗരസഭ പൂർത്തീകരിച്ചത്.

## Article Content

**തളിപ്പറമ്പ് : **വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് പത്താമതും ജില്ലയിൽ ഒന്നാമതെത്തിയും തളിപ്പറമ്പ് നഗരസഭയ്ക്ക് ഇത് നേട്ടത്തിന്റെ വർഷം. 2022-23 വാർഷിക പദ്ധതിയിൽ 95 ശതമാനമാണ് നഗരസഭ പൂർത്തീകരിച്ചത്.

കാക്കാത്തോട്-പാളയാട് തോട് നവീകരണം നടത്തി മലിനജല സംസ്‌കരണത്തിന് ഏഴുകോടി രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച് വരുന്നു.

കാക്കാത്തോട് ബസ് സ്റ്റാൻഡ് നവീകരണ പദ്ധതിക്ക് കൊരുപ്പുകട്ട പതിച്ച് 65 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. 3.4 കോടി രൂപ ചെലവിൽ 92 ഓളം റോഡ് അറ്റകുറ്റപ്പണികൾ നടത്തി. 16 അങ്കണവാടികളിൽ 34 ലക്ഷം രൂപയുടെ പദ്ധതിയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.


പി.എം.എ.വൈ. പദ്ധതിയിൽ രണ്ടുവർഷത്തിനിടയിൽ 95 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി മൂന്നുകോടി രൂപ ചെലവിലുള്ള (2022-23-ൽ ഒരുകോടി 22 ലക്ഷം രൂപ) പദ്ധതികൾ പൂർത്തിയായിവരുന്നു.


ആധുനികരീതിയിലുള്ള അപ്പാരൽ പാർക്ക്, പേപ്പർ ബാഗ് നിർമാണ യൂണിറ്റ് എന്നിവയുമുണ്ട്.

നഗരത്തിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിനു മുകൾ നിലയിൽ ഒരുക്കുന്നു. കൂവോട് ആയുർവേദ ആസ്പത്രിയിൽ ചികിത്സ വിപുലപ്പെടുത്തുന്നതിന് 45 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. വാർഡുകളിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നതിനായി 1.35 കോടി രൂപയുടെ പ്രവൃത്തി നടന്നുവരുന്നു. വീടുകളിലെ മാലിന്യസംസ്‌കരണത്തിന് 97.32 ലക്ഷം രൂപ വകയിരുത്തി 4500 റിങ് കമ്പോസ്റ്റുകൾ നൽകി. താലൂക്ക് ആസ്പത്രിയിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നുണ്ട്.


ആസ്പത്രിയിലേക്കാവശ്യമായ ഫർണിച്ചറിനുവേണ്ടി 62 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, ഫർണിച്ചർ വിതരണം, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ, അങ്കണവാടികളിൽ പോഷകാഹാര വിതരണം തുടങ്ങിയും നടപ്പിലാക്കിയതാണ് നേട്ടത്തിനു കാരണമെന്നും നഗരസഭാധികാരികൾ പറയുന്നു.

നേട്ടത്തിൽ അതിയായ സന്തോഷം-ചെയർപേഴ്‌സണ് കൂട്ടായ പ്രവർത്തനങ്ങളാണ് പദ്ധതി നിർവഹണത്തിലെ നേട്ടത്തിനു കാരണമെന്നും അതിയായ സന്തോഷമുണ്ടെന്നും ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി പത്രസമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒരുമിച്ചുള്ള ശ്രമമാണ് ഒന്നാമതെത്താൻ കാരണം. തുടർന്നും ഒട്ടേറെ വികസനപ്രവൃത്തികൾ നടത്താനുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മുഹമ്മദ് നിസാർ, പി. റജില, കെ. നബീസ, കെ.പി. കദീജ, സെക്രട്ടറി കെ.പി. സുബൈർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111417/thalipparamb-municipality)