---
title: "4 ദിവസം കൊണ്ട് കുറുപ്പ് 50 കോടി ക്ലബ്ബില്‍; തിയേറ്ററിലേക്ക് തിരിച്ചെത്തിയ പ്രേക്ഷകരുടെ വിജയമെന്ന് ദുല്‍ഖര്‍"
english_title: "50-crore-collection-club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11089/50-crore-collection-club"
published_at: "2021-11-16T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193870b9cea7_kurupp_dq.jpg"
keywords: []
---

# 4 ദിവസം കൊണ്ട് കുറുപ്പ് 50 കോടി ക്ലബ്ബില്‍; തിയേറ്ററിലേക്ക് തിരിച്ചെത്തിയ പ്രേക്ഷകരുടെ വിജയമെന്ന് ദുല്‍ഖര്‍

> **Lead Summary:** കൊച്ചി: ദുല്‍ഖറിന്റെ പുതിയ ചിത്രം 'കുറുപ്പ്' അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

## Article Content

കൊച്ചി: ദുല്‍ഖറിന്റെ പുതിയ ചിത്രം 'കുറുപ്പ്' അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ ആറരക്കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു.

ലോകമാകെ  1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്.  കേരളത്തില്‍ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയില്‍ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11089/50-crore-collection-club)