---
title: "സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാനച്ഛൻ ആസിഡ് ഒഴിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തയാൾ മരിച്ചു"
english_title: "A man died due to acid attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10836/a-man-died-due-to-acid-attack"
published_at: "2021-11-15T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61921616004de_IMG-20211115-WA0030.jpg"
keywords: []
---

# സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാനച്ഛൻ ആസിഡ് ഒഴിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തയാൾ മരിച്ചു

> **Lead Summary:** പേരാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ യാണ് ഇന്നു പുലര്‍ച്ചെ 1.30ഓടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുത്രിയില്‍ ചികിത്സയിലായിരുന്നു. 

## Article Content

പേരാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ യാണ് ഇന്നു പുലര്‍ച്ചെ 1.30ഓടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുത്രിയില്‍ ചികിത്സയിലായിരുന്നു. 

ഒക്ടോബര്‍ 29ന് പുലര്‍ച്ചെയോടെയാണ് സംഭവം. ബിജുവിനെ അക്രമിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ മങ്കുഴി ജോസ്(67), സഹായി വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരന്‍(58) എന്നിവര്‍ റിമാന്റിലാണ്.

മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് ബിജുവിനു ഇരുവരും ചേര്‍ന്ന് അക്രമിച്ചത്. റോഡില്‍ കല്ലുകള്‍ നിരത്തി ജീപ്പ് തടഞ്ഞ് മുഖത്ത് ആസിഡ് ഒഴിച്ച ശേഷം മാരകമായി വെട്ടുകയായിരുന്നു. പൊള്ളലേറ്റ് ജീപ്പില്‍ നിന്നും ഇറങ്ങി ഓടുന്നതിനിടെ പിന്തുടര്‍ന്ന പ്രതികള്‍ വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയ്യില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു.

ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ ഒരുമണിക്കൂറിനു ശേഷം പേരാവൂരിലെ ആശുപത്രിയിലെത്തിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ അന്നുതന്നെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് പുലര്‍ച്ചെ മരണം സംഭവിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം പ്രതികളെ പോലിസ് പിടികൂടി അറസ്റ്റു ചെയ്തിരുന്നു. പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു. ഭാര്യ: ഷെല്‍മ. മകന്‍: ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10836/a-man-died-due-to-acid-attack)