---
title: "അനിലിന്റെത് തെറ്റായ തീരുമാനം, കണ്ണീരണിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ എ കെ ആന്റണി"
english_title: "a k antony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107504/a-k-antony"
published_at: "2023-04-06T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ecc534eb01_acci.jfif"
keywords: []
---

# അനിലിന്റെത് തെറ്റായ തീരുമാനം, കണ്ണീരണിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ എ കെ ആന്റണി

> **Lead Summary:** **തിരുവനന്തപുരം: **മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനെതിരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരണിഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

## Article Content

**തിരുവനന്തപുരം: **മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനെതിരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരണിഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കൂറ് ഗാന്ധി കുടുംബത്തോടാണ്. 82 വയസ്സായി. ഇനി ജീവിതം എത്രകാലം ഉണ്ടാകും എന്നറിയില്ല. എത്രയായാലും അവസാനം ശ്വാസംവരെ താൻ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രിയും രാജ്യസഭയിലെ ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയൽ പാർട്ടി ഷാൾ അണിയിച്ചാണ് അനിലിന് ബി.ജെ.പി അംഗത്വം നൽകിയത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരും പങ്കെടുത്തിരുന്നു.

ബി.ജെ.പി സ്ഥാപക ദിവസമായ ഏപ്രിൽ ആറിന് അനിൽ ആന്റണിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്ന് പിയൂഷ് ഗോയൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്റെ ലക്ഷ്യം രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്റണി പറഞ്ഞു. ശശി തരൂർ വളർത്തി കൊണ്ടുവന്ന അനിൽ ആന്റണി ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107504/a-k-antony)